മല്‍സ്യവില്‍പനയില്‍ മനസ്സുറപ്പിച്ച് ഷാജിറ

ഷാജി കാരന്തൂര്‍

കുന്ദമംഗലം: കുടുംബം പുലര്‍ത്താനുള്ള പലപരീക്ഷണങ്ങള്‍ക്കൊടുവില്‍ മല്‍സ്യ വില്‍പനയില്‍ മനസുറപ്പിച്ച്്്് ഷാജിറ. അതിജീവനത്തിനായി രണ്ടുതവണ കുവൈത്തിലേക്ക് വിമാനം കയറിയെങ്കിലും പച്ചപിടിക്കാതെ തിരിച്ചെത്തിയ ഷാജിറ, പച്ചമീന്‍ വില്‍പനയിലൂടെ പച്ചപിടിച്ചുവരികയാണിപ്പോള്‍. ദേശീയപാത 766 ചൂലാംവയല്‍ മാക്കൂട്ടം സ്‌കൂളിന് അടുത്തായി എല്ലാ വൈകുന്നേരങ്ങളിലും ഇവരെ കാണാം.
കുടുംബത്തിന്റെ പട്ടിണി മാറ്റാനായി മല്‍സ്യ കച്ചവടം നടത്തുകയാണ് ഇവര്‍. അഞ്ച് പെണ്മക്കളും ഒരാണുമുള്ള കുടുംബത്തിലെ അംഗമാണ് ഷാജിറ. മൂത്ത സഹോദരിയേയും ഇളയ മൂന്നു സഹോദരിമാരേയും വിവാഹം കഴിപ്പിച്ചയച്ചെങ്കിലും, ഇന്നും ഒറ്റത്തടിയായി കഴിയുകയാണ് ഇവര്‍. അഞ്ച് വര്‍ഷം മുമ്പ് ഏക സഹോദരന്‍ അപകടത്തെ തുടര്‍ന്ന് തളര്‍ന്ന് കിടപ്പിലായി. ഇതോടെ കുടുംബം പുലര്‍ത്താന്‍ കുവൈത്തില്‍ ജോലി തേടി പോയെങ്കിലും അവിടേയും ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഒന്നര വര്‍ഷം ഒരു അറബിയുടെ വീട്ടില്‍ ജോലി ചെയ്‌തെങ്കിലും ജീവിതം തള്ളി നീക്കിയതല്ലാതെ കുവൈത്തില്‍ പോയ കടം പോലും വീട്ടാന്‍ കഴിയാതെ തിരിച്ചുപോന്നു. നാട്ടിലെത്തി ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നും കണ്ടെത്താന്‍ കഴിയാതായതോടെ വീണ്ടും കുവൈത്തിലേക്ക് വിമാനം കയറി. എന്നിട്ടും രക്ഷയില്ലാതെ വെറും കൈയോടെ മടങ്ങേണ്ടിവന്നു.
നാട്ടില്‍ തിരിച്ചെത്തി പല ജോലിക്കും ശ്രമം നടത്തിയെങ്കിലും ഒന്നും ശരിയാവാതെയായതോടെയാണ് മത്സ്യ കച്ചവടത്തിലേക്ക് തിരി്ഞ്ഞത്്്്. എജന്റ് ഇറക്കി കൊടുക്കുന്ന മല്‍സ്യം വിറ്റാല്‍ കമ്മീഷന്‍ ഇനത്തില്‍ കച്ചവടത്തിനനുസരിച്ച് ദിവസം നൂറു മുതല്‍ മുന്നൂറ് രൂപ വരെ ലഭിക്കും. ചെരുപ്പ് കമ്പനിയില്‍ ജോലിക്ക് പോയിരുന്ന സഹോദരന്റെ ഭാര്യയും ഇപ്പോള്‍ ഇവരെ സഹായിക്കാന്‍ കൂടെയുണ്ട്. മറ്റു സ്ഥലങ്ങളിലെല്ലാം മത്സ്യ കച്ചവടത്തിന് സ്ത്രീകള്‍ പോകാറുണ്ടെങ്കിലും ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ സ്തീകള്‍ സാധാരണ മല്‍സ്യ കച്ചവടത്തിന് ഇറങ്ങാറില്ല.
ഇതൊന്നും ഷാജിറയുടെ തീരുമാനത്തെ പിന്നോട്ടുവലിച്ചില്ല. പുരുഷന്‍മാരുടെ അധികാര കേന്ദ്രമായിരുന്ന ഈ മേഖലയില്‍ മത്സ്യ വില്‍പന ആരംഭിച്ച സമയത്ത് വലിയ വരുമാനമൊന്നും ലഭിച്ചിരുന്നില്ല. എങ്കിലും കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് പിടിച്ചുനിന്നു. ഇപ്പോള്‍ ധാരാളം ആളുകള്‍ മീന്‍ വാങ്ങാന്‍ എത്തുന്നുണ്ടെന്ന് ഷാജിറ പറഞ്ഞു.

RELATED STORIES

Share it
Top