മല്‍സ്യലോറി പിടികൂടി; നാട്ടുകാരും പോലിസും തമ്മില്‍ വാക്കേറ്റം

തലശ്ശേരി: തമിഴ്‌നാട്ടില്‍നിന്ന് മല്‍സ്യവുമായി എത്തിയ ലോറി ഹൈവെ പോലിസ് തടഞ്ഞത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. പുന്നോല്‍ പെട്ടിപ്പാലത്ത് ഇന്നലെ രാവിലെയാണ് സംഭവം. 2000 കിലോ ചാമ്പാന്‍ മല്‍സ്യത്തില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടെന്ന് ആരോപിച്ചാണ് ലോറി പോലിസ് തടഞ്ഞത്. എന്നാല്‍ തൊഴിലാളികള്‍ ഇതു നിഷേധിച്ചെങ്കിലും ലോറി വിട്ടുകൊടുക്കാന്‍ പോലിസ് തയ്യാറായില്ല.
മല്‍സ്യം കേടാവാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ സമീപത്തെ മല്‍സ്യത്തൊഴിലാളികള്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. പോലിസ് കൈക്കൂലിയായി 2000 രൂപ ചോദിച്ചെന്നും അത് കൊടുക്കാത്തതിനാലാണ് ലോറി വിട്ടുനല്‍കാത്തതെന്നും ജീവനക്കാര്‍ വെളിപ്പെടുത്തി. ശേഷം മല്‍സ്യത്തൊഴിലാളികളും പോലിസും തമ്മില്‍ വാക്കേറ്റം തുടങ്ങി.
തുടര്‍ന്ന് 11.30ഓടെ കണ്ണൂരില്‍നിന്നെത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ ടി അജിത്ത് കുമാര്‍ നടത്തിയ പരിശോധനയില്‍ മ ല്‍സ്യത്തില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടില്ലെന്നു വ്യക്തമായി. ഇതോടെ ഹൈവേ പോലിസ് സ്ഥലംവിട്ടു. ഇത് മല്‍സ്യത്തൊഴിലാളികളെയും നാട്ടുകാരെയും രോഷാകുലരാക്കി.
കൈക്കൂലി ആവശ്യപ്പെട്ട പോലിസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ബഹളംവച്ചു. പോലിസ് പിടിച്ചുവച്ച മല്‍സ്യലോറി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടയച്ചു. കൂടുതല്‍ പോലിസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

RELATED STORIES

Share it
Top