മല്‍സ്യമാര്‍ക്കറ്റിലെ പുഴുസംരക്ഷണ കേന്ദ്രം നീക്കം ചെയ്യാതെ നഗരസഭ

കാഞ്ഞങ്ങാട്: പനിച്ച് വിറച്ച് ജില്ലയിലെ ജനങ്ങള്‍ നെട്ടോട്ടമോടുമ്പോഴും പുഴുവരിക്കുന്ന വെള്ളക്കെട്ടുകള്‍, രക്തവും മാംസാവശിഷ്ടവും പരന്നുകിടക്കുന്ന ഓവുചാലുകള്‍, മീനിന്റെ അവശിഷ്ടങ്ങളും കൊണ്ട് മാര്‍ക്കറ്റിനടുത്ത് പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.
പൊട്ടിയൊലിക്കുന്ന മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമില്ലാതെ വൈറല്‍ പനികളെ മാടി വിളിക്കുകയാണ് കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റ്. മാലിന്യ സംസ്‌കരണത്തിന് ഒരു പ്ലാന്റ് സ്ഥാപിച്ചതല്ലാതെ അവിടെ പ്രവര്‍ത്തനം ഇപ്പോഴും തുടങ്ങിയിട്ടില്ല. മാലിന്യം പൊട്ടിയൊലിച്ച് നടക്കാന്‍ പോലും കഴിയാത്തയവസ്ഥയാണുള്ളത്. മീന്‍ വില്‍ക്കുന്ന കെട്ടിടത്തിന് പുറത്താണ് വലിയ കുഴിയില്‍ കറുത്തനിറമുള്ള മലിനജലം കെട്ടിക്കിടക്കുന്നത്. മലിനജലത്തില്‍ പുഴുവരിക്കുന്നുണ്ട്. ചിലപ്പോള്‍ ഓവുചാലിലൂടെവന്ന് മീന്‍വില്‍ക്കുന്ന സ്ഥലത്തും പുഴുക്കള്‍ പരക്കുന്നു. ഈ മലിന ജലം പുറത്തേക്കൊഴുകിയ നിലയിലാണുള്ളത്. ശക്തമായ മഴയില്‍ ദുര്‍ഗന്ധം പരക്കുന്നതിനും കാരണമാകുന്നുണ്ട്.
ഓവുചാലുകളില്‍ വെള്ളവും അറവുശാലയില്‍ നിന്നെത്തുന്ന രക്തംകലര്‍ന്ന മലിനജലവുമെല്ലാം ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. ഇതുകെട്ടികിടക്കുന്നതിനാല്‍ മൂക്കുപൊത്തി തൊഴിലെടുക്കേണ്ട സ്ഥിതിയാണെന്ന് തൊഴിലാളികള്‍ പറയുന്നു. മഴ വന്നാല്‍ നടക്കാന്‍ പോലും കഴിയാത്ത നിലയിലാണ് പ്രദേശം. നഗരത്തിലെ പ്രധാന റെയില്‍വേ സ്‌റ്റേഷന്‍ റോഡുകളിലേക്കാണ് മലിനജലം മുഴുവന്‍ ഒലിച്ചിറങ്ങുന്നത്. മാസങ്ങള്‍ കൂടുമ്പോള്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി നഗരസഭയില്‍ നിന്ന് ലോറികള്‍ വന്നിരുന്നു.
ഇപ്പോള്‍ അതും വരാറില്ല. ലോറികള്‍ വന്നാല്‍ തന്നെ മുന്‍ഭാഗത്തെ മാലിന്യങ്ങള്‍ മാത്രമാണ് കൊണ്ടു പോകുന്നത്. മഴപെയ്താല്‍ ഒലിച്ചിറങ്ങുന്ന ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ പരിസര നിവാസികളെ ദുരിതത്തിലാക്കുന്നു. ഈ ‘പുഴുവളര്‍ത്തല്‍’ കേന്ദ്രത്തിനടുത്താണ് മീന്‍, പച്ചക്കറി, മാട്ടിറച്ചി തുടങ്ങി എല്ലാവിധ ഭക്ഷ്യ വസ്തുക്കളുടെയും വ്യാപാരം. കൊട്ടിഘോഷിച്ച് പദ്ധതികള്‍ പ്രഖ്യാപിക്കുന്ന കാഞ്ഞങ്ങാട് നഗരസഭ കൊതുകുവളര്‍ത്തല്‍ കേന്ദ്രം വ്യാപിപ്പിക്കുകയാണെന്ന് മല്‍സ്യവില്‍പനക്കാരും വ്യാപാരികളും പറഞ്ഞു.

RELATED STORIES

Share it
Top