മല്‍സ്യബന്ധന ബോട്ട് സമരം ആറാംദിവസത്തിലേക്ക്‌

കോഴിക്കോട്: മല്‍സ്യബന്ധനം നിര്‍ത്തിവച്ചുകൊണ്ടുള്ള മല്‍സ്യത്തൊഴിലാളി ബോട്ട് സമരം ആറാംദിവസത്തിലേക്ക് കടന്നു. എന്നാല്‍ അധികൃതര്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാവുന്നില്ലെന്ന് ബോട്ട് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി രാമകൃഷ്ണന്‍ അറിയിച്ചു. കുടംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. അധികൃതരുടെ ഭാഗത്തു നിന്ന് സമരത്തോടുള്ള അവഗണനയ്‌ക്കെതിരേ റോഡ് ഉപരോധങ്ങള്‍ അടക്കമുള്ള സമരവുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് തീരുമാനം.
അതിനിടെ ബേപ്പൂര്‍ തുറമുഖത്ത് ഇന്നലെ അരയസമാജം പ്രതിനിധികള്‍ ആരംഭിച്ച റിലേ സത്യഗ്രഹം തുടരുകയാണ്. പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെയും വള്ളങ്ങളേയും സമരത്തില്‍ പങ്കെടുപ്പിക്കാനുള്ള ആലോചനയുമുണ്ട്.
22ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ മുഴുവന്‍ ബോട്ടുടമകളും തൊഴിലാളികളും പങ്കെടുക്കുമെന്ന് ആള്‍ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കരിച്ചാലി പ്രേമന്‍ പറഞ്ഞു. ഇന്ധനവില കുറച്ച് മല്‍സ്യബന്ധനമേഖലയെ സംരക്ഷിക്കുക, 58 ഇനം മല്‍സ്യങ്ങളുടെ മിനിമം ലീഗല്‍ സെസ് നടപ്പാക്കുന്നതില്‍ കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ(സിഎംഎഎഫ്ആര്‍ഐ) നിര്‍ദേശങ്ങള്‍ പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.

RELATED STORIES

Share it
Top