മല്‍സ്യബന്ധനം: തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രത്യേക സംവിധാനം

ബേപ്പൂര്‍: മല്‍സ്യം കരയ്ക്കടിപ്പിക്കുന്നതിനും ലേലം ചെയ്യുന്നതിനും ഹാര്‍ബറുകളില്‍ നിലനില്‍ക്കുന്ന തര്‍ക്കം ചര്‍ച്ചചെയ്ത് പരിഹരിക്കുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നു. ഉള്‍ക്കടലിലെ മല്‍സ്യബന്ധനത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
മല്‍സ്യമേഖലയിലെ പ്രാദേശിക തര്‍ക്കങ്ങള്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരുവനന്തപുരം സെക്രട്ടറിയേറ്റ് സൗത്ത് കോ ണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത വിവിധ ട്രേഡ് യൂനിയനുകളുടെയും ബോട്ടുടമ സംഘടനകളുടെയും യോഗത്തി ല്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മയുടെ അധ്യക്ഷതയിലാണ് തീരുമാനം. മല്‍സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടു വരുന്ന മീനുകള്‍ക്ക് കേരളത്തിലെവിടെയുമുള്ള കേന്ദ്രങ്ങളിലോ ഹാര്‍ബറുകളിലോ കരയ്ക്കടിപ്പിച്ചു ലേലം ചെയ്യുന്നതിന് നിലവില്‍ യാതൊരു നിയന്ത്രണങ്ങളൊന്നുമില്ല. എന്നാല്‍ സംസ്ഥാനത്തെ ചില കേന്ദ്രങ്ങളില്‍ പ്രാദേശികമായി ചിലരുടെ വ്യക്തി താല്‍പര്യത്തിലധിഷ്ഠിതമായി നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
മല്‍സ്യത്തൊഴിലാളികള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിനുള്ള അവസരം ഇല്ലാതാക്കാന്‍ മാത്രമേ ഇത്തരം നടപടികള്‍ ഉപകരിക്കുകയുള്ളൂ. കൂടാതെ മല്‍സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗമായും നിയന്ത്രണങ്ങള്‍ മാറുന്നു. അന്യായമായ ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന വ്യക്തികളും സംഘടനകളും നിയമപരമായി പ്രവര്‍ത്തിക്കുന്നവരല്ല. ഇത്തരം നടപടികളെ നേരിടാന്‍ ശക്തമായ നിയമം സര്‍ക്കാര്‍ നടപ്പിലാക്കും.
ചെറുമീനുകളെ പിടിക്കുന്നതില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തിന്റെ ഫലമായാണ് വര്‍ധിച്ച തോതിലുള്ള മല്‍സ്യ ഉല്‍പാദനത്തിന് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രണം മൂലം ഉല്‍പാദനം വര്‍ധിക്കുകയും മല്‍സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ മല്‍സ്യം ലഭിക്കുകയും ചെയ്യുന്നു. 250 എച്ച്പി ശേഷിയുള്ള ബോട്ടുകള്‍ 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ മാത്രം പ്രവര്‍ത്തിപ്പിക്കുന്ന കാര്യം പരിശോധിക്കും. ഇതിനുമുകളില്‍ ശേഷിയുള്ള ബോട്ടുകളെ 12 നോട്ടിക്കല്‍ മൈലിന്നപ്പുറമാണ് മല്‍സ്യബന്ധനം നടത്തേണ്ടത്.
മല്‍സ്യ ഫെഡ് ചെയര്‍മാന്‍ പി ചിത്തരഞ്ജന്‍, ഫിഷറീസ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, ഫിഷറീസ് ഡയറക്ടര്‍ വെങ്കിടേശപതി, വിവിധ മല്‍സ്യ തൊഴിലാളി സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഫിഷറീസ് വകുപ്പ് മല്‍സ്യബന്ധനത്തില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ നടപ്പിലാക്കുവാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

RELATED STORIES

Share it
Top