മല്‍സ്യത്തൊഴിലാളി ദമ്പതികള്‍ക്ക് സിഎംഎഫ്ആര്‍ഐയുടെ ആദരംകൊച്ചി: വിവാഹ വാര്‍ഷിക ദിനത്തില്‍ ഇന്ത്യയിലെ ആദ്യത്തെ മല്‍സ്യത്തൊഴിലാളി ദമ്പതികളെ കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ആദരിച്ചു. തൃശൂര്‍ ജില്ലയിലെ കുണ്ടഴിയൂര്‍ സ്വദേശികളായ കരാട്ട് വീട്ടില്‍ കെ വി കാര്‍ത്തികേയനെയും ഭാര്യ കെ സി രേഖയെയുമാണ് സിഎംഎഫ്ആര്‍ഐയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷി സഹമന്ത്രി സുദര്‍ശന്‍ ഭഗത് പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചത്. കടലില്‍ ഔട്ട് ബോഡ് വള്ളത്തില്‍ ഒരുമിച്ച് മല്‍സ്യബന്ധനം നടത്തുന്ന ദമ്പതികള്‍ക്ക് കൂടുമല്‍സ്യകൃഷി നടത്തുന്നതിന് കാളാഞ്ചി മീന്‍ കുഞ്ഞുങ്ങളും ദമ്പതികള്‍ക്ക് കൈമാറി. കടല്‍ മീന്‍പിടുത്തത്തോടൊപ്പം അധികവരുമാനം നേടുന്നതിനായി സിഎംഎഫ്ആര്‍ഐയുടെ സാമ്പത്തിക സാങ്കേതിക സഹായത്തിലാണ് കാര്‍ത്തികേയനും രേഖയും കടലില്‍ കൂടുകൃഷി തുടങ്ങുന്നത്. കടലില്‍ ബോട്ടുപയോഗിച്ച് മീന്‍പിടുത്തം നടത്തുന്ന ഇന്ത്യയിലെ ആദ്യ വനിതയാണ് രേഖ. വിവാഹ വാര്‍ഷികദിനവും ജന്മദിനവും ഒന്നിച്ച മെയ് അഞ്ചിന് തന്നെ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് രേഖ. 1998ലായിരുന്നു ഇരുവരുടെയും വിവാഹം. പഴയ ബോട്ടുമായി മീന്‍പിടുത്തം നടത്തുന്ന തങ്ങള്‍ക്ക് വന്‍കിട മല്‍സ്യബന്ധനയാനങ്ങള്‍ക്കൊപ്പം എത്താനാവുന്നില്ല. പലപ്പോഴും കടല്‍വെള്ളം കയറുന്ന തരത്തിലാണ് വീട് നില്‍ക്കുന്നതെന്നും ദമ്പതികള്‍ പറഞ്ഞു.

RELATED STORIES

Share it
Top