മല്‍സ്യത്തൊഴിലാളികള്‍ക്കു വേണ്ടി നിര്‍മിച്ച 120 വീടുകള്‍ നശിക്കുന്നു

പൊന്നാനി: കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഒമ്പതുവര്‍ഷം മുമ്പ് കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച 120 വീടുകള്‍ നശിക്കുന്നു. താമസിക്കാന്‍ കഴിയാത്ത വീടുകള്‍ നിര്‍മിച്ചതിനാല്‍ ഗുണഭോക്താക്കള്‍ വീടുകള്‍ സ്വീകരിക്കാന്‍ തയ്യാറാവാതെ വന്നതോടെ കോടികളാണു നഷ്ടത്തിലായത്.
ഒമ്പതുവര്‍ഷം മുമ്പ് ഇടതുസര്‍ക്കാരിന്റെ കാലത്ത് താക്കോല്‍ദാനം കഴിഞ്ഞ വീടുകളുടെ അവസ്ഥയാണിത്. പൊന്നാനിയില്‍ കോടികള്‍ ചെലവഴിച്ച് വികസനങ്ങള്‍ കൊണ്ടുവന്നെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ തീരത്തുള്ളവര്‍ മാത്രം അതു വിശ്വസിക്കാറില്ല. കാരണം, തകര്‍ന്നുകിടക്കുന്ന ഈ വീടുകള്‍ തന്നെ. ഒമ്പതു വര്‍ഷം മുമ്പാണ് ഏറെ കൊട്ടിഘോഷിച്ച് ഇടതുസര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ച് വീടുകളുടെ നിര്‍മാണം നടത്തിയത്. ഒട്ടും ആസൂത്രണമില്ലാതെ നിര്‍മിച്ച 120 വീടുകള്‍ ഇപ്പോള്‍ തെരുവുനായകളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാണ്. ഇവിടെനിന്ന് കഞ്ചാവു ചെടികള്‍ വരെ കണ്ടെത്തിയിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ വീടുകള്‍ താമസയോഗ്യമാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. ഗുണഭോക്തൃ വിഹിതം അടച്ചുവെന്നല്ലാതെ മറ്റൊന്നും ഉണ്ടായില്ല. ഓഖി ദുരന്ത സമയത്ത് ചിലര്‍ ഈ വീടുകളില്‍ താമസിച്ചെങ്കിലും നിന്നുതിരിയാന്‍ സൗകര്യമില്ലാത്ത വീടുകള്‍ വൈകാതെ ഉപേക്ഷിച്ചുപോയി. ഒരു കട്ടിലിടാന്‍ പോലും സൗകര്യം ഈ വീടുകളിലില്ല. വീടുകളുടെ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നുവെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ക്രമക്കേടുകള്‍ കണ്ടെത്തിയെങ്കിലും അതെല്ലാം ഒതുക്കിക്കളഞ്ഞു. ഇപ്പോള്‍ ഫിഷര്‍മെന്‍ കോളനിയുടെ നവീകരണം നടത്തുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. കഴിഞ്ഞ ഏഴു കൊല്ലമായി നാട്ടുകാര്‍ ഇത് കേള്‍ക്കുന്നതാണ്. വീടുകള്‍ വാസയോഗ്യമാക്കാന്‍ 6.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്.
എന്നാല്‍, ഇത് എന്ന് യാഥാര്‍ഥ്യമാവുമെന്ന കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ഒട്ടും സൗകര്യമില്ലാത്ത വീടുകളില്‍ എന്ത് മാറ്റം വരുത്തിയാലും താമസിക്കുന്നതെങ്ങനെയെന്നാണ് പാവപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ ചോദിക്കുന്നത്. ജനങ്ങളുടെ രൂക്ഷമായ എതിര്‍പ്പിനെ മറികടക്കാന്‍ ഇപ്പോള്‍ മറ്റൊരു പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫിഷറീസിന്റെ കൈവശമുള്ള അഴീക്കലിലെ പഴയ ഐസ് പ്ലാന്റില്‍ 95 സെന്റ് സ്ഥലത്ത് പാര്‍പ്പിട സമുച്ചയം നിര്‍മിക്കുമെന്നാണ് പ്രഖ്യാപനം. ഇതില്‍ 80ഓളം കുടുംബങ്ങളെ താമസിപ്പിക്കും.
കൂടാതെ ഹാര്‍ബര്‍ ഭൂമിയിലും പാര്‍പ്പിട സമുച്ചയം നിര്‍മിച്ച് പുനരധിവാസം നടത്താനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. ഇതിനായി വെളിയങ്കോട് മേഖലയില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കും. എന്നാല്‍, ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നുവെന്നല്ലാതെ എല്ലാ പാര്‍ട്ടിക്കാരും തങ്ങളെ വഞ്ചിക്കുകയാണെന്നാണ് തീരത്തുള്ളവര്‍ പറയുന്നത്.
ഓരോ വര്‍ഷവും കടലാക്രമണത്തില്‍ കടലെടുത്ത് നിരവധി കുടുംബങ്ങളാണ് ഭവനരഹിതരാവുന്നത്.
എന്നിട്ടും ഫണ്ടുകള്‍ നശിപ്പിക്കുന്ന തരത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നല്ലാതെ ഒന്നും ഉപകാരത്തില്‍ കൊള്ളുന്നില്ല.

RELATED STORIES

Share it
Top