മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് ശക്തമായ സംവിധാനം ഒരുക്കും: മന്ത്രി

തിരുവനന്തപുരം: ആഴക്കടലില്‍ മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഐഎസ്ആര്‍ഒ വികസിപ്പിച്ച നാവിക് ഉപകരണം ഘടിപ്പിച്ച ബോട്ടുകളുടെ പരീക്ഷണ യാത്ര ശക്തികുളങ്ങര തുറമുഖത്ത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഫഌഗ് ഓഫ് ചെയ്തു. മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്നു ചടങ്ങില്‍ ഫിഷറീസ് മന്ത്രി പറഞ്ഞു. പരീക്ഷണ യാത്രയുടെ അടിസ്ഥാനത്തില്‍ ഇവയുടെ പ്രായോഗികക്ഷമത വിലയിരുത്തുമെന്നും അവര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 500 ഉപകരണങ്ങള്‍ ബോട്ടുകളില്‍ സൗജന്യമായി സ്ഥാപിക്കുന്നതിന് ഐഎസ്ആര്‍ഒയുമായി ധാരണയായിട്ടുണ്ട്. തുടര്‍ന്ന്, 1000 ബോട്ടുകള്‍ക്ക് കൂടി ഉപകരണം വാങ്ങും. പിന്നീട് ഇവ കെല്‍ട്രോണ്‍ വഴി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഉപകരണത്തിന്റെ സാങ്കേതികവിദ്യ കൈമാറുമെന്ന് ഐഎസ്ആര്‍ഒ ഉറപ്പ് നല്‍കിയിട്ടുമുണ്ട്. മല്‍സ്യലഭ്യത, കാലാവസ്ഥാ വ്യതിയാനം, കപ്പല്‍ ചാലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ഉപകരണത്തിലൂടെ സന്ദേശമായി കൈമാറാനാവും. അതേസമയം, നാവിക് റിസീവര്‍ ഉപയോഗിച്ചു മല്‍സ്യത്തൊഴിലാളികള്‍ക്ക് കരയിലേക്ക് സന്ദേശം നല്‍കാനാവുന്ന സംവിധാനം പരിഗണിക്കണമെന്ന് ഐഎസ്ആര്‍ഒയോട് സംസ്ഥാനം ആവശ്യപ്പെട്ടു. നിലവില്‍ നാവിക് മുഖേന കരയിലേക്ക് തിരിച്ച് സന്ദേശം നല്‍കാനാവില്ല. ഇംഗ്ലീഷിലാണ് സന്ദേശം ലഭിക്കുന്നതെങ്കിലും അത് ഉടന്‍ മലയാളത്തില്‍ ലഭിക്കാന്‍ വേണ്ട സംവിധാനമൊരുക്കും. കൊല്ലത്തു നിന്ന് നാവിക് ഘടിപ്പിച്ച രണ്ടു മല്‍സ്യബന്ധന ബോട്ടുകളാണ് കടലിലേക്ക് പോയത്.വിഴിഞ്ഞത്തു നിന്നു രണ്ട് ഫൈബര്‍ ബോട്ടുകളും കൊച്ചി വൈപ്പിനില്‍ നിന്നു സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ചെറിയ കപ്പലും ഇതോടൊപ്പം കടലിലേക്ക് പോയിട്ടുണ്ട്.

RELATED STORIES

Share it
Top