മല്‍സ്യങ്ങളില്‍ ഫംഗസ് രോഗം പടരുന്നു

കൊച്ചി: സംസ്ഥാനത്ത് പ്രളയക്കെടുതിക്കു പിന്നാലെ മല്‍സ്യങ്ങളില്‍ രോഗബാധ പടരുന്നു. മലബാറിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും എറണാകുളം ജില്ലയിലെ വൈപ്പിനിലും കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്തിലും ഉള്‍നാടന്‍ ജലാശയ മല്‍സ്യങ്ങളിലാണു വ്യാപകമായി രോഗബാധ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നു മല്‍സ്യകര്‍ഷകര്‍ ജാഗ്രതപാലിക്കണമെന്നു കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) അധികൃതര്‍ പറഞ്ഞു. മല്‍സ്യങ്ങളുടെ ശരീരം അഴുകി വ്രണമാവുന്ന എപ്പിസൂട്ടിക് അള്‍സറേറ്റീവ് സിന്‍ഡ്രോം (ഇവിഎസ്) എന്ന ഫംഗസ് രോഗമാണു പടരുന്നതെന്നു കുഫോസിലെ അനിമല്‍ ഹെല്‍ത്ത് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും കണമ്പ്, മാലാന്‍, തിരുത, കരിമീന്‍ എന്നീ മല്‍സ്യങ്ങളെയാണു രോഗം ബാധിച്ചിട്ടുള്ളതെന്ന് അനിമല്‍ ഹെല്‍ത്ത് ലാബോറട്ടറി മേധാവി ഡോ. ദേവിക പിള്ള പറഞ്ഞു. രോഗബാധ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു സാംപിളുകള്‍ ശേഖരിച്ച് പരിശോധിച്ചതില്‍ രോഗം കനത്ത നാശംവിതച്ചതു കൊല്ലം മണ്‍റോ തുരുത്തിലും പരിസരങ്ങളിലും ആണെന്നു കണ്ടെത്തിയിട്ടുണ്ട്. പ്രളയജലം ഉയര്‍ന്ന തോതില്‍ കലര്‍ന്നതോടെ ഉള്‍നാടന്‍ ജലാശയങ്ങളുടെ താപനിലയിലും ലവണാംശത്തിലും മാറ്റമുണ്ടായതാണു ഫംഗസ് രോഗം പടരാന്‍ കാരണം. രോഗം പടരുന്നതു തടയാനായി മല്‍സ്യകര്‍ഷകര്‍ കുളങ്ങളില്‍ കുമ്മായം ഇട്ട് പിഎച്ച് ലെവല്‍ ഉയര്‍ത്തണം. തുടര്‍ന്ന് അഗ്രി ലൈമോ ഡോളമെറ്റോ ഒരേക്കറിന് 10 കിലോ എന്ന തോതില്‍ 250 ഗ്രാം പോട്ടാസ്യം പെര്‍മാഗനേറ്റും ചേര്‍ത്തു 10 ദിവസത്തില്‍ ഒരിക്കല്‍ എന്ന തോതില്‍ പ്രയോഗിക്കണമെന്നും കുഫോസ് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് കുഫോസിലെ അനിമല്‍ ഹെല്‍ത്ത് ഡിപാര്‍ട്ടുമെന്റുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9446111033.

RELATED STORIES

Share it
Top