മല്‍സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്ന മൂന്നംഗസംഘം പിടിയില്‍

പൊന്നാനി: പുഴയില്‍നിന്നു മല്‍സ്യക്കുഞ്ഞുങ്ങളെ പിടികൂടി കയറ്റി അയക്കുന്ന സംഘത്തെ കോസ്റ്റല്‍ പോലിസ് പിടികൂടി. ഇവരില്‍നിന്ന് പിടികൂടിയ ചെമ്മീന്‍ കുഞ്ഞുങ്ങളെ പുഴയിലൊഴുക്കി. സംസ്ഥാന സര്‍ക്കാറിന്റെ മല്‍സ്യ പ്രജനനത്തിന്റെ ഭാഗമായി പുഴയില്‍ നിക്ഷേപിച്ച ചെമ്മീന്‍ കുഞ്ഞുങ്ങളെ പിടികൂടി കയറ്റി അയക്കുന്ന മൂന്നംഗ സംഘത്തെയാണ് പൊന്നാനി കോസ്റ്റല്‍ പോലിസ് പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ വെളിയങ്കോട് പത്തുമുറി പടിഞ്ഞാറ് ഭാഗത്ത് പുഴയില്‍ നിന്നു മല്‍സ്യക്കുഞ്ഞുങ്ങളെ ശേഖരിക്കുന്നതിനിടയിലാണ് വെളിയങ്കോട് സ്വദേശികളായ സംഘത്തെ കുടുക്കിയത്. ട്രോളിങ് നിരോധന സമയത്ത് കൂടുതല്‍ മല്‍സ്യം പുഴയില്‍നിന്ന് ലഭിക്കുന്നതിനായി പൊന്നാനി താലൂക്കിന്റെ വിവിധയിടങ്ങളിലെ പുഴകളില്‍ ലക്ഷക്കണക്കിന് ചെമ്മീന്‍ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരുന്നത്. എന്നാല്‍, പുഴയിലെ ചെറുമല്‍സ്യങ്ങള്‍ പിടികൂടി ആലപ്പുഴയിലേക്കും മറ്റും കയറ്റി അയക്കുന്നുണ്ടെന്ന പരാതികള്‍ നേരത്തെ തന്നെ വ്യാപകമായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. ഗുഡ്‌സ് ലോറിയില്‍ വലിയ വീപ്പകളിലാണ് മല്‍സ്യം സംഭരിച്ചിരുന്നത്. പൊന്നാനി കോസ്റ്റല്‍ പോലിസ് എസ്‌ഐ ശശീന്ദ്രന്‍ മേലയില്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ എം നൗഷാദ് എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്. പിഴ ഈടാക്കിയ ശേഷം സംഘത്തെ താക്കീത് നല്‍കി വിട്ടയച്ചു.

RELATED STORIES

Share it
Top