മല്‍സ്യകൃഷി: പുത്തന്‍ പരീക്ഷണവുമായി അഗസ്റ്റ്യന്‍ അബ്രഹാം

ടി   കെ   അനീഷ്്
ചെറുപുഴ: മല്‍സ്യ കൃഷിയില്‍ പുതിയ പരീക്ഷണവുമായി ചെറുപുഴ പഞ്ചായത്തിലെ കോക്കടവ് സ്വദേശി പള്ളിപ്പുറത്ത് കുന്നേല്‍ അഗസ്റ്റ്യന്‍ അബ്രഹാം ശ്രദ്ധേയനാകുന്നു. കുളങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ കൂടുകളിലാണ് ഇദ്ദേഹത്തിന്റെ മല്‍സ്യകൃഷി. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്)യുടെ പുത്തന്‍ സാങ്കേതിക വിദ്യയുടെ പ്രഥമ പ്രോജക്ട് അഗസ്റ്റ്യനാണ് കേരളത്തില്‍ ആദ്യമായി നടപ്പിലാക്കുന്നത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ മല്‍സ്യങ്ങളെ വളര്‍ത്തുന്ന (ഹൈ ഡെന്‍സിറ്റി റീസര്‍ക്കുലേഷന്‍ സിസ്റ്റം) പ്രോജക്ടാണ് ഇവിടെ പരീക്ഷിക്കുന്നത്. രണ്ടു സെന്റ് സ്ഥലത്ത് രണ്ടു കുളങ്ങള്‍ നിര്‍മിച്ചിരിക്കുന്നു. 6.7 മീറ്റര്‍ സമചതുരവും മൂന്നു മീറ്റര്‍ ആഴവുമാണ് കുളങ്ങള്‍ക്കുള്ളത്.
കുളങ്ങളുടെ രണ്ടു മീറ്റര്‍ ആഴത്തില്‍ നിന്നും പിന്നീട് ഒരു മീറ്റര്‍ കോണ്‍ ആകൃതിയില്‍ ചരിഞ്ഞാണ് നിര്‍മാണം. മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നതിനും നീക്കം ചെയ്യുന്നതിനുമാണിങ്ങനെ നിര്‍മിക്കുന്നത്. ചെങ്കല്ല് ഉപയോഗിച്ച് കെട്ടിയതിന് ശേഷം പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് കുളം നിര്‍മിക്കുന്നത്. ഇത്തരത്തിലുള്ള ഒരു കുളത്തില്‍ ഒന്നര ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാം. ഒരുകുളത്തില്‍ മീന്‍ വളര്‍ത്താനായി നാലു കൂടുകള്‍ വരെ ഉണ്ടാക്കാം. കടലില്‍ മീന്‍ വളര്‍ത്തുന്നതിനായി  ഉപയോഗിക്കുന്ന തരത്തിലുള്ള വലയും പിവിസി പൈപ്പുകളുമാണ് കൂടിനുപയോഗിക്കുന്നത്?.
ഈ കൂടുകള്‍ക്കുള്ളിലാണ് മീന്‍ വളര്‍ത്തല്‍. ഒരു കൂടില്‍ 1500 മുതല്‍ 2000 വരെ മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. വിജയവാഡയിലെ രാജീവ് ഗാന്ധി റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള ഗിഫ്റ്റ് തിലാപ്പിയ ഇനത്തില്‍പ്പെട്ട മല്‍സ്യങ്ങളെയാണ് അഗസ്റ്റ്യന്‍ തന്റെ കുളങ്ങളില്‍ വളര്‍ത്തുന്നത്. ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ ഗിഫ്റ്റ് തിലാപ്പിയ ഇനത്തില്‍പ്പെട്ട മീന്‍ കുഞ്ഞുങ്ങളെ ലഭിക്കൂ.
ആറ് മാസം കൊണ്ട് 400 മുതല്‍ 500 ഗ്രാം വരെ ഇവ തൂക്കം വെയ്ക്കും. ചെറിയ തലയും മൃദുവായ മുള്ളുകളുമുള്ള ഇവ ഏറെ സ്വാദിഷ്ടമായ മീനാണ്. പ്രത്യേകം തയ്യാറാക്കിയ തീറ്റയാണ് ഇവയ്ക്ക് നല്‍കുക. കൂടാതെ ഇതേ വെള്ളത്തില്‍ വളര്‍ത്തുന്ന അസോളയും നല്‍കും. നാലു കൂടുകളിലും പല സമയത്താണ് കുഞ്ഞുങ്ങളെ ഇടുന്നത്. അതിനാല്‍ ഏതു സമയത്തും വളര്‍ച്ചയെത്തിയ മല്‍സ്യങ്ങള്‍ ഉണ്ടാകുമെന്ന പ്രത്യേകതയുമുണ്ട്. പല വലിപ്പത്തിലുള 20000 മീനുകളാണ് അഗസ്റ്റ്യന്റെ കുളത്തിലുള്ളത്.
ശുദ്ധമായ വെള്ളവും ജൈവ തീറ്റയും മീനുകളുടെ ഗുണവും വര്‍ധിപ്പിക്കും. 24 മണിക്കൂറും എയര്‍ ഇന്‍ജക്ടര്‍ ഉപയോഗിച്ച് ഓക്‌സിജന്‍ നല്‍കിക്കൊണ്ടിരിക്കണം. വെള്ളത്തില്‍ കലരുന്ന അമോണിയ നീക്കി വെള്ളം ശുദ്ധീകരിക്കുകയെന്നതാണ് പ്രധാനം. ഇതിനായി ആധുനിക യന്ത്ര സംവിധാനങ്ങളുമുണ്ട്. കുളത്തിലെ മലിനമായ വെള്ളം ഓവര്‍ ഹെഡ് ടാങ്കിലെത്തി അവിടെനിന്നും ബയോഫില്‍ട്ടറേഷന്‍ യൂനിറ്റില്‍ ശുദ്ധീകരിച്ച് തിരിച്ച് കുളത്തിലെത്തുന്നു. മാലിന്യമില്ലാത്ത വെള്ളം ഏറ്റവും പ്രധാനമാണ്.
വെള്ളത്തിന്റെ ഹൈ ഡെന്‍സിറ്റി, പിഎച്ച് വാല്യൂ, ആല്‍ക്കലിറ്റി, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവയെല്ലാം മീനിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യമായിരിക്കണം. ഇതിനായി കുസാറ്റിന്റെ നിര്‍ദേശമനുസരിച്ച് നിര്‍മിച്ച ലാബും ഇവിടെയുണ്ട്. കുളത്തിലെ വെള്ളം എല്ലാ ദിവസവും ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് മെയില്‍ ചെയ്യും. തുടര്‍ന്നു കിട്ടുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തും. അത്രയേറെ ശ്രദ്ധയോടെയാണ് അഗസ്റ്റ്യന്‍ മല്‍സ്യകൃഷി നടത്തുന്നത്. പതിനെട്ടു ലക്ഷത്തോളം രൂപ ഇതുവരെ ഈ കര്‍ഷകന് ചെലവായി. മീന്‍ കൃഷിയുടെ വിളവെടുപ്പ് നാളെ രാവിലെ 11ന് ടി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലന്‍ മുഖ്യാതിഥിയാകും. കുസാറ്റിലെ ശാസ്ത്രജ്ഞനായ ഐഎസ് െ്രെബറ്റ് സിങ്ങാണ് ഈ സാങ്കേതിക വിദ്യയുടെ ഉപജ്ഞതാവ്. എന്നാല്‍ ഈ നൂതന സംരഭത്തിന് മല്‍സ്യവകുപ്പിന്റേയോ സര്‍ക്കാര്‍ ഏജന്‍സികളുടേയോ സഹായം ലഭിച്ചിട്ടില്ല.
മീന്‍ കൃഷി തുടങ്ങണമെന്ന ആഗ്രഹത്താല്‍ അഗസ്റ്റ്യന്‍ ദൂരെ സ്ഥലങ്ങളില്‍ പോയിവരെ മീന്‍ കൃഷികള്‍ കാണുകയും പഠിക്കുകയും ചെയ്തിരുന്നു. നിരവധി കര്‍ഷകരുമായും ഉദ്യോഗസ്ഥഥരുമായും സംസാരിക്കുകയും ആശയങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു.  മീന്‍ വളര്‍ത്തലിനൊപ്പം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, കരിങ്കോഴി, വെച്ചൂര്‍ പശു, ചെറുതേന്‍ കൃഷികളും നടത്തുന്നുണ്ട്. ഭാര്യ ഷൈനി, മക്കളായ ഷോണ്‍, മെലീസ, സെലസ്റ്റ് എന്നിവരും അഗസ്റ്റിയനൊപ്പം കൃഷികളില്‍ സജീവമാണ്.

RELATED STORIES

Share it
Top