മല്‍സ്യം കിട്ടാനില്ല; തീരദേശ മേഖല വറുതിയിലേക്ക്

കാഞ്ഞങ്ങാട്: ഓഖി ചുഴലിക്കാറ്റിന് ശേഷം കടലിലുണ്ടായ മല്‍സ്യത്തിന്റെ ക്ഷാമം മല്‍സ്യത്തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയിലധികമായി കടലില്‍ പോവുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് ചെറുമല്‍സ്യങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. മത്തി, അയല, ചെമ്പല്ലി തുടങ്ങിയ ജില്ലയിലെ കടലില്‍ സമ്പന്നമായ മല്‍സ്യങ്ങളൊന്നും കിട്ടാത്ത സ്ഥിതിയാണ്. ഒരു തോണിയുമായി കടലില്‍ പോകാന്‍ ഒരു ദിവസം 40 ലിറ്റര്‍ മണ്ണെണ്ണ വേണം. എന്നാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഒരു മാസം 49 ലിറ്റര്‍ മണ്ണെണ്ണ മാത്രമാണ് സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. കരിഞ്ചന്തയില്‍ മണ്ണെണ്ണക്ക് 80 രൂപയിലധികമാണ് വില. കരിഞ്ചന്തയില്‍ നിന്ന് മണ്ണെണ്ണയുമായി കടലില്‍ പോയാല്‍ വെറുംകൈയോടെ മടങ്ങേണ്ട സ്ഥിതിയാണ്. മല്‍സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും ജില്ലയിലെ തീരദേശ മേഖലയിലെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ഭൂരിപക്ഷത്തിനും ഇത് ലഭിക്കുന്നില്ല. സര്‍ക്കാരിന്റെ ഏതെങ്കിലുമൊരു ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന കുടുംബത്തിന് സൗജന്യ റേഷന്‍ നല്‍കേണ്ടതില്ലെന്നാണ് സിവില്‍സപ്ലൈസ് വകുപ്പിന്റെ നിര്‍ദേശം. അതുകൊണ്ട് തന്നെ സൗജന്യ റേഷന്‍ ഭൂരിഭാഗം മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും പ്രയോജനപ്പെടുന്നില്ല. മല്‍സ്യം ലഭിക്കാത്തതിനാല്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം മല്‍സ്യമാര്‍ക്കറ്റുകളില്‍ തിരക്ക് നന്നെ കുറവാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വരുന്ന മല്‍സ്യങ്ങളാണ് മാര്‍ക്കറ്റില്‍ വില്‍പന നടക്കുന്നത്. തദ്ദേശീയമായി മല്‍സ്യം ലഭിക്കാത്തതിനാ ല്‍ മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന തൊഴിലാളികള്‍ പട്ടിണിയിലാണ്. നാലും അഞ്ചും തോണികളില്‍ നിത്യേന മല്‍സ്യത്തൊഴിലാളികള്‍ കാഞ്ഞങ്ങാട് നിന്നും അഴിത്തലയില്‍ നിന്നും കസബയില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോവുന്നുണ്ടെങ്കിലും ഏതാനും കിലോ പൊടി മല്‍സ്യങ്ങളുമായാണ് തിരിച്ചുവരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വല നിറഞ്ഞ് മല്‍സ്യവുമായി തൊഴിലാളികള്‍ക്ക് വരാന്‍ സാധിച്ചിട്ടില്ലെന്ന് മീനാപ്പീസ് കടപ്പുറത്തെ പ്രഭാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ എല്ലാ മല്‍സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കിയില്ലെങ്കില്‍ തീരപ്രദേശം കടുത്ത പണിയിലേക്ക് നീങ്ങുമെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്.

RELATED STORIES

Share it
Top