മല്‍സര ഓട്ടം: ബസ്സില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്ക്‌

പേരാമ്പ്ര: സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 10ാം ക്ലാസ്സ് വിദ്യാര്‍ഥി മുളിയങ്ങല്‍ പനമ്പ്ര കണ്ടിയില്‍ സിദ്ദീഖിന്റെ മകന്‍ ആഷിര്‍ സഹലിനാണ് (14) പരിക്കേറ്റത്. വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
ഞായറാഴ്ച്ച വൈകീട്ട് 4. 30 ന് ട്യൂഷന്‍ കഴിഞ്ഞ് വെള്ളിയൂരില്‍ നിന്നും മുളിയങ്ങലിലേക്ക് ബസ്സില്‍ കയറിയതായിരുന്നു. സ്‌റ്റോപ്പില്‍ നിന്നും ബസ് എടുത്ത് മിനിട്ടുകള്‍ക്കകം വെള്ളിയൂര്‍ വളവില്‍ നിന്നാണ് അപകടം. പിറക് വശത്തെ ഡോര്‍ തുറന്ന് പോയാണ് വിദ്യാര്‍ഥി തെറിച്ച് വീണത്. കുറ്റിയാടി, കോഴിക്കോട് റൂട്ടില്‍ ബസുകള്‍ ആവര്‍ത്തിക്കുന്ന മത്സര ഓട്ടമാണ് കാരണം.
യാത്രക്കാരെ സ്‌റ്റോപ്പില്‍ ഇറക്കാതെ പല ബസുകളും സ്‌റ്റോപ്പ് കഴിഞ്ഞ് ഏറെ ദൂരത്ത് ഇറക്കുന്ന കാഴ്ചകളും നിത്യസംഭവമാണ്. അപകടം വരുത്തിയ കോഴിക്കോട് കുറ്റിയാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അജ്‌വ ബസ് പേരാമ്പ്ര പൊലിസ് കസ്റ്റഡിയിലെടുത്തു.

RELATED STORIES

Share it
Top