മല്‍സരിക്കാനില്ലെങ്കിലും ഈ കപ്പ് ഇറ്റലിക്കാരുടേതാണ്

60 വര്‍ഷത്തിനിടെ ആദ്യമായി ഇത്തവണത്തെ ലോകകപ്പില്‍ പന്ത് തട്ടാനില്ലെങ്കിലും ലോകകപ്പ് മുന്‍ ജേതാക്കളായ ഇറ്റലിക്ക് അഭിമാനിക്കാന്‍ വകയുണ്ട്. ഫിഫ ലോകകപ്പ് ജേതാക്കള്‍ക്ക് സമ്മാനിക്കാനുള്ള ട്രോഫിയുടെ നിര്‍മാതാക്കള്‍ ഇറ്റലിക്കാരാണ്.
മിലാനിലെ ചെറുപട്ടണമായ പഡേര്‍നോ ദുഗ്നാനോയിലെ ജിഡിഇ ബെര്‍ട്ടോണി എന്ന ഫാക്ടറിയിലാണ് നിലവിലെ ഫിഫ ലോകകപ്പ് ട്രോഫി നിര്‍മിച്ചിട്ടുള്ളത്. 1970ല്‍ കമ്പനിയിലെ പ്രമുഖ ശില്‍പിയായ സില്‍വിയോ ഗെസാനിഗോയാണ് ഈ സ്വര്‍ണക്കപ്പ് രൂപകല്‍പ്പന ചെയ്തത്. ഫിഫ പുതിയതായി തയ്യാറാക്കിയ ഈ ട്രോഫിക്ക് ഫിഫ ലോകകപ്പ് ട്രോഫി എന്നാണു പേരുനല്‍കിയത്. 18 കാരറ്റ് സ്വര്‍ണത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഈ ട്രോഫിക്ക് 36 സെന്റിമീറ്റര്‍ ഉയരവും ആറ് കിലോ ഭാരവുമുണ്ട്. ഇപ്പോള്‍ സുരക്ഷാപ്രശ്‌നം കാരണം യഥാര്‍ഥ  ട്രോഫി ഒരു രാജ്യത്തേക്കും ഫിഫ കൊടുത്തുവിടാറില്ല. പകരം ജേതാക്കള്‍ക്ക് സ്വര്‍ണം പൂശി വെങ്കലത്തില്‍ നിര്‍മിച്ച ട്രോഫിയുടെ ഒരു പകര്‍പ്പാണ് നല്‍കിവരുന്നത്. ജേതാക്കളായ രാജ്യത്തിന്റെ ഫുട്‌ബോള്‍ അസോസിയേഷനാണ് ലോകകപ്പ് ട്രോഫി പിന്നീട് സൂക്ഷിക്കുന്നത്.
1995 വരെ ബെര്‍ട്ടോണി മിലാനോ എന്ന നാമത്തിലായിരുന്നു കമ്പനി അറിയപ്പെട്ടിരുന്നത്. ഇതിന് ശേഷമാണ് ജിഡിഇ ബെര്‍ട്ടോണി എന്ന പേരിലേക്ക് കമ്പനി മാറിയത്. ഫിഫ ലോകകപ്പിന് പുറമേ യുവേഫ കപ്പ് ട്രോഫി, യുവേഫ സൂപ്പര്‍ കപ്പ്, ഒളിംപിക്‌സ് കപ്പ് എന്നീ ട്രോഫികളും ഇതേ കമ്പനിയാണു നിര്‍മിച്ചുനല്‍കുന്നത്.

RELATED STORIES

Share it
Top