മല്‍സരയോട്ടം; സ്വകാര്യ ബസ്സിനു പിന്നില്‍ മറ്റൊരു ബസ് ഇടിച്ചു

അമ്പലപ്പുഴ: സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടത്തിനിടെ ഓടിക്കൊണ്ടിരുന്ന ബസ്സിനു പിന്നില്‍ മറ്റൊരു ബസ്സ് ഇടിച്ചു പിഞ്ചുകുഞ്ഞടക്കം 20 പേര്‍ക്ക്  പരിക്കേറ്റു. ഇരു ബസ്സുകളിലേയും ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍.
ദേശീയപാതയില്‍ പുന്നപ്ര പോലീസ് സ്റ്റേറ്റേഷനു സമീപമാണ് അപകടം നടന്നത്. ആലപ്പുഴ കഞ്ഞിപ്പാടം റൂട്ടിലോടുന്ന യാസീന്‍, ഇരട്ടകുളങ്ങര ആലപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന നൈനാസ് എന്നീ സ്വകാര്യ ബസ്സുകള്‍ കളര്‍കോട് മുതല്‍ മല്‍സരയോട്ടമായിരുന്നു.തെക്കുഭാഗത്തേക്ക് വന്ന ബസ്സ്  മല്‍സരിച്ച് ഒന്നിനെ മറികടക്കുന്നതിനിടെ രണ്ട് തവണ പരസ്പരം ഉരസുകയും ചെയ്തു.ഇതിനു ശേഷം പുന്നപ്ര സ്റ്റേഷനു സമീപമെത്തിയപ്പോള്‍ ഒരു ബസ്സ് മറ്റേ ബസ്സിനെ മറികടന്നു.
ഈ സമയം ഒരു ബസ്സിലെ ഡ്രൈവര്‍ യാത്രക്കാരോട് മുറുകെ പിടിച്ചോളൂ ഇപ്പോള്‍ ഒരു പണി കാണിച്ചു തരാമെന്നു പറഞ്ഞ് യാസീന്‍ ബസ്സ് നൈനാസ് ബസ്സിന്റെ പിന്നില്‍ ഇടിപ്പിക്കുകയായിരുന്നു.
അപകടത്തില്‍ കോമന മുട്ടാണിശേരില്‍ അനീഷ് കുമാറിന്റെ ഭാര്യ വീണ (28) മകള്‍ 2 വയസുള്ള അദ്വൈത് എന്നിവരടക്കം 20 പേര്‍ക്ക് പരിക്കേറ്റു.നീര്‍ക്കുന്നം സ്വദേശി ഗോകുല്‍ (14) ദേവിക (19) വണ്ടാനം സ്‌നിത്ത് (17) അന്‍സിയ (16) ആലപ്പുഴ സ്വദേശികളായ ഷാജിമോന്‍ (40) സരോജിനി (70) സുമയ്യ (35) കൊല്ലം സ്വദേശി രാഘവന്‍ (60) പുന്നപ്ര സ്വദേശി അബ്ദുല്‍ ഹമീദ് (80) കണിച്ചുകുളങ്ങര സ്വദേശിനി എല്‍സമ്മ (47) പുന്നപ്ര റംല (35) നീര്‍ക്കുന്നു ദേവി (22) വണ്ടാനം അജിത് (22) കോമനയില്‍ ശോഭന (52) വല്ലി (53) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബസ്സുകളുടെ ഡ്രൈവര്‍മാരായ നീര്‍ക്കുന്നം പരുവേലിച്ചിറ താഹിര്‍ (27) പുന്നപ്ര പെരുമാനൂര്‍ മാഹീന്‍(26) എന്നിവരെ പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തു.

RELATED STORIES

Share it
Top