മല്‍സരങ്ങളിലെല്ലാം വിജയക്കൊടി; ജീവിതത്തില്‍ നാരായണിക്ക് ദുരിതപ്പെയ്ത്ത്‌

പയ്യന്നൂര്‍: പങ്കെടുത്ത മല്‍സരങ്ങളിലെല്ലാം വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് കാണികളുടെ കൈയടി നേടിയ നാരായണിക്ക് ജീവിതം ഒടുവില്‍ സമ്മാനിച്ചത് ദുരിതം മാത്രം. തന്റെ കലാപരമായ മികവുകൊണ്ട് പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയുടെയും കണ്ണൂര്‍ ജില്ലയുടെയും പ്രിയങ്കരിയായി മാറിയ നാരായണി തന്റേതെന്ന് കരുതുന്ന ഒന്നര സെന്റ് സ്ഥലത്ത് കെട്ടിയുയര്‍ത്തിയ തറയ്ക്ക് മുകളിലെ പ്ലാസ്റ്റിക് കൂടാരത്തിലാണ് ഇപ്പോള്‍ രാവും പകലും തള്ളിനീക്കുന്നത്, കൂടെ വിവാഹപ്രായമെത്തിയ കൊച്ചുമകളും.
സാക്ഷരതാ പ്രസ്ഥാനത്തോടനുബന്ധിച്ച് നടത്തിയ കലാമല്‍സരങ്ങളില്‍ നാരായണിയായിരുന്നു താരം. നാരായണിയുടെ മികവ് കൊണ്ടാണ് കണ്ണൂര്‍ ജില്ലയ്ക്ക് സംസ്ഥാനതല മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തെത്താനായത്.  പയ്യന്നൂര്‍ കേളോത്തെ സ്റ്റേറ്റ് വെയര്‍ഹൗസിന് സമീപത്തെ 86കാരിയായ നാരായണിയുടെ ഒറ്റയാള്‍ പോരാട്ടത്തിന് 45 വര്‍ഷം പഴക്കമുണ്ട്. മകന്‍ പ്രദീപന് അഞ്ച് വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ് കുഞ്ഞമ്പു മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. കക്കവാരി വിറ്റാണ് മകനെയും മകളെയും വളര്‍ത്തിയത്. കല്യാണം കഴിഞ്ഞ മകളും ചെറുപ്രായത്തില്‍ തന്നെ മരിച്ചപ്പോള്‍ രണ്ടുകൊച്ചുമക്കളെയും നോക്കി വളര്‍ത്തുന്ന ചുമതല നാരായണിയമ്മയ്ക്കായി. കൊച്ചുമക്കളിലൊരാള്‍ വിവാഹം കഴിഞ്ഞുപോയി. വിവാഹപ്രായമെത്തിയ ഇളയമകള്‍ നാരായണിയമ്മയുടെ കൂടെയും. പഴയ ഓലപ്പുരയുണ്ടായിരുന്ന സ്ഥലത്ത് സ്വന്തം അധ്വാനം കൊണ്ട് ഒരു തറ കെട്ടിയെങ്കിലും മുകളില്‍ ആസ്ബസ്‌റ്റോസ് ഷീറ്റിട്ട ഒരു കുടുസുമറി മാത്രമാണ് നിര്‍മിക്കാന്‍ കഴിഞ്ഞത്. വേനല്‍ ചൂടില്‍ ഉരുകിയൊലിക്കുന്ന ഈ ഷീറ്റാണ് നാരായണിയുടെ ലോകം. കുടുംബശ്രീയില്‍നിന്നു വായ്പയെടുത്ത് ഒറ്റമുറിയുടെ വൈദ്യുതീകരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കക്കൂസ്, തറയ്ക്കരികിലായി നിര്‍മിച്ചു. ബാക്കിയുള്ള സ്ഥലത്തെ മേല്‍ക്കൂര പ്ലാസ്റ്റിക് കടലാസുകള്‍ കൊണ്ട് മറച്ചിരിക്കുകയാണ്. മഴക്കാലമായാല്‍ തറയ്‌ക്കൊപ്പം വെള്ളമുയരും. അവശരെയും നിരാലംബരെയും സഹായിക്കാനായി പല പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഇതിന്റെ ഗുണമൊന്നും നാരായണിയെ തേടിയെത്തിയില്ല.
കാരണം നാരായണിയുടെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ഭാഗംവച്ചപ്പോള്‍ നാരായണിയുടെ ഒന്നരസെന്റ് സ്ഥലം കൂടി സഹോദരിയുടെ പേരിലാണു രജിസ്റ്റര്‍ ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പറ്റിയ ഈ പിശക് അറിയാന്‍ വൈകിയതിനാല്‍ വീണ്ടുമൊരു രേഖ തിരുത്തലിന് ആരും തയ്യാറായുമില്ല. ഇതിനാല്‍ നാരായണിയുടെ പേരില്‍ നിലവില്‍ സ്ഥലമില്ലാത്ത അവസ്ഥയായി. സ്വന്തം പേരില്‍ സ്ഥലമില്ലാത്തവര്‍ക്ക് വീടും സ്ഥലവും നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഈ അവസ്ഥയില്‍ കഴിയുന്ന നാരായണിയുടെ പേര് ഇതുവരെ ആരും പരിഗണിച്ചിട്ടില്ല. ഇപ്പോഴും കക്കവാരി നിത്യചെലവുകള്‍ക്ക് പണം കണ്ടെത്തുന്ന ഈ വയോധികയുടെ ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ആരെങ്കിലും മുന്നോട്ടു വരുമോ?.

RELATED STORIES

Share it
Top