മല്യ ലേലത്തില്‍ പിടിച്ച ടിപ്പുവിന്റെ വാള്‍ എവിടെയെന്ന് അറിയില്ലെന്ന് അഭിഭാഷകന്‍

ലണ്ടന്‍: 2004ല്‍ വിജയ് മല്യ ലേലത്തില്‍ പിടിച്ച ടിപ്പു സുല്‍ത്താന്റെ വാള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല; വിജയ് മല്യക്കല്ലാതെ. മല്യക്കെതിരായ സാമ്പത്തിക തട്ടിപ്പു കേസില്‍ ബാങ്കുകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം ലണ്ടന്‍ ഹൈക്കോടതിയില്‍ അറിയിച്ചത്.
2004ല്‍ ഒരു സ്വകാര്യ ലേലത്തില്‍ വച്ചാണു മല്യ വാള്‍ സ്വന്തമാക്കിയത്. എന്നാല്‍ വാള്‍ ദൗര്‍ഭാഗ്യം കൊണ്ടുവരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്നു മല്യ അതു കൈമാറുകയായിരുന്നുവെന്ന് അഭിഭാഷകന്‍ ലണ്ടന്‍ ഹൈക്കോടതിയെ അറിയിച്ചു. 1,88,000 പൗണ്ടാണ് (ഏകദേശം 1.8 കോടി രൂപ) ഇന്നു വാളിനു വിലമതിക്കുന്നത്.
ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9,000 കോടി വായ്പയെടുത്തു നാടുവിട്ട കേസില്‍ മല്യയെ തിരിച്ച് നാട്ടിലേക്ക് അയക്കണമെന്ന ഇന്ത്യയുടെ ആവശ്യമാണു കോടതി പരിഗണിക്കുന്നത്. ആസ്തി എങ്ങനെ ഒളിപ്പിക്കാം എന്നതിന്റെ ഉദാഹരണമാണ് അപ്രത്യക്ഷമായ വാളിന്റെ കാര്യമെന്നു ബാങ്കുകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മല്യയുടെ ആഗോളസമ്പത്ത് മരവിപ്പിച്ച നടപടി റദ്ദാക്കരുതെന്ന് അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.
ബംഗളൂരുവിലെ ഒരു പ്രശസ്ത മ്യൂസിയത്തിനു മല്യ വാള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചതായി നേരത്തെ റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മ്യൂസിയം അധികൃതര്‍ വാള്‍ വേണ്ടെന്ന് അറിയിച്ചതായി മല്യയുടെ മുന്‍ സഹപ്രവര്‍ത്തകന്‍ അറിയിച്ചിരുന്നു.

RELATED STORIES

Share it
Top