മല്യവധം : നാലു പ്രതികള്‍ പിടിയില്‍കാസര്‍കോട്: പൈവളിഗെ പഞ്ചായത്തിലെ കൂടാല്‍-മേര്‍ക്കള മണ്ഡേക്കാപ്പിലെ വ്യാപാരി രാമകൃഷ്ണ മല്ല്യ(47)യെ കടയില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ നാലു പ്രതികളെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലിസ് ചീഫ് കെ ജി സൈമണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെങ്കള എടനീര്‍ ചൂരിമൂലയിലെ ബി എം ഉമര്‍ ഫാറൂഖ് (36), പൊവ്വല്‍ സ്റ്റോര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നൗഷാദ് ശെയ്ഖ് (33), ബോവിക്കാനം എട്ടാം മൈല്‍ കിങ് ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ ആരിഫ് എന്ന അച്ചു (33), ചെങ്കള റഹ്മത്ത് നഗര്‍ ചോപ്പാല ഹൗസിലെ കെ അഷ്‌റഫ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 4ന് ഉച്ചയ്ക്ക് 2.30ഓടെയാണ് കൊലപാതകം നടന്നത്. സിഗരറ്റ് ചോദിച്ച് കടയിലെത്തിയ പ്രതികള്‍ വ്യാപാരിയുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ടു. ഇവിടെ നിന്നു തിരിച്ചുപോയി 15 മിനിറ്റിനു ശേഷം വീണ്ടും വന്ന് മാങ്ങ ആവശ്യപ്പെട്ടു. മാങ്ങ എടുക്കാന്‍ കുനിയുന്നതിനിടയില്‍ തലയ്ക്കും കഴുത്തിനും നെഞ്ചിനും വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പോലിസ് ചീഫ് പറഞ്ഞു.  ഉമര്‍ ഫാറൂഖ് മുഗു സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് 4453 രൂപ കവര്‍ന്ന കേസില്‍ കഴിഞ്ഞ മാര്‍ച്ച് 8നു നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക്  രാമകൃഷ്ണയുമായുള്ള വിരോധമാണ് കൊലപാതകത്തിനു കാരണമെന്നും പോലിസ് പറഞ്ഞു. സംഭവത്തിനു ശേഷം പ്രതികള്‍ ചിക്മംഗളൂരു, ഹുബ്ലി, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. ഇവരെ പിന്തുടര്‍ന്നെത്തിയ പോലിസ് സംഘം പിടികൂടുകയായിരുന്നു. ചെര്‍ക്കളയില്‍ വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച  കാറും പിടിച്ചെടുത്തിട്ടുണ്ട്.  വാര്‍ത്താസമ്മേളനത്തില്‍ ഡിവൈഎസ്പി എം വി സുകുമാരന്‍, കുമ്പള സിഐ വി വി മനോജ്, കുമ്പള എസ്‌ഐ ജയശങ്കര്‍, എസ്‌ഐ ഫിലിപ്പ്, എഎസ്‌ഐമാരായ സി കെ ബാലകൃഷ്ണന്‍, സി കെ നാരായണന്‍, മോഹനന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ശ്രീജിത്, ലക്ഷ്മി നാരായണന്‍, അബൂബക്കര്‍ കല്ലായി തുടങ്ങിയവരും സംബന്ധിച്ചു.

RELATED STORIES

Share it
Top