മലേസ്യ: അന്‍വര്‍ ഇബ്രാഹീം ജയില്‍മോചിതനായി

ക്വാലാലംപൂര്‍: മലേസ്യയിലെ മുന്‍ ഉപപ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീം ജയില്‍മോചിതനായി. മലേസ്യന്‍ രാജാവ് മാപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ വിജയം മലേസ്യയ്ക്ക് പുതു യുഗമാണ് സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വോട്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ അന്‍വര്‍ ഇബ്രാഹീമിന്റെ പാര്‍ട്ടി അടക്കമുള്ള സഖ്യത്തിനു മികച്ച വിജയം ലഭിച്ചതാണ് അന്‍വറിന്റെ ജയില്‍മോചനത്തിന് ഇടയാക്കിയത്. അന്‍വര്‍ ജയില്‍മോചിതനായാല്‍ രണ്ടു വര്‍ഷത്തിനകം പ്രധാനമന്ത്രിപദം അദ്ദേഹത്തിനു കൈമാറുമെന്ന് മഹാതീര്‍  അറിയിച്ചിരുന്നു.
നേരത്തേ മഹാതീര്‍ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയായിരുന്ന അന്‍വര്‍ ഇബ്രാഹീമിനെ 1998ലാണ്  പ്രകൃതിവിരുദ്ധ പീഡനം ആരോപിച്ച് അറസ്റ്റ് ചെയ്തത്.
എന്നാല്‍, മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി 2004ല്‍ കോടതി അന്‍വറിനെ സ്വതന്ത്രനാക്കി. വീണ്ടും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായ  അന്‍വറിനെ നജീബ് റസാഖിന്റെ സര്‍ക്കാര്‍ വീണ്ടും അതേ കേസില്‍ ജയിലില്‍ അടയ്ക്കുകയായിരുന്നു. 2015ലാണ്  അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
നല്ല നടപ്പിനെത്തുടര്‍ന്ന് ശിക്ഷയിളവ് ലഭിച്ച അന്‍വറിനു മഹാതീര്‍ പ്രധാനമന്ത്രിയായതോടെ നേരത്തേ മോചനം ലഭിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ അന്‍വറിന്റെ പാര്‍ട്ടി കാദിലാന്‍ റക്‌യാത് 48 സീറ്റ് നേടിയിരുന്നു. അന്‍വറിനെ ചൊവ്വാഴ്ച മോചിപ്പിക്കുമെന്ന് നേരത്തേ  അറിയിച്ചിരുന്നെങ്കിലും പിന്നീട് ബുധനാഴ്ചത്തോക്കു മാറ്റുകയായിരുന്നു.

RELATED STORIES

Share it
Top