മലീനീകരണവും മണല്‍ വാരലും: നദികള്‍ നാശത്തിന്റെ വക്കില്‍

ഹരിപ്പാട്: മലിനീകരണവും അനധികൃത മണല്‍വാരലും നിമിത്തം സംസ്ഥാനത്തെ നദികള്‍  മാലിന്യവാഹിനികളാവുന്നു. ഹൗസ്‌ബോട്ടുകളില്‍ നിന്നുംപുറം തള്ളുന്ന മാലിന്യങ്ങള്‍, സമീപമുള്ള വീടുകള്‍ , ഹോട്ടലുകള്‍, ഇറച്ചികടകള്‍ എന്നിവിടങ്ങളില്‍ നിന്നും പുറം തള്ളുന്ന മാലിന്യങ്ങള്‍ എന്നിവയുടെ നിക്ഷേപകേന്ദ്ര ങ്ങളായി മാറിയിരിക്കുകയാണ് നദികള്‍.
1974ല്‍ ജലമലിനീകരണ നിയമം നടപ്പാക്കിയ രാജ്യമാണ് നമ്മളുടേത്. അതുപോലെ42ാം ഭേദഗതിയോടെ 1976ല്‍ പരിസ്ഥിതി സംരക്ഷണ ത്തിന് നിയമ പരമായ വ്യവസ്ഥ ഏര്‍പ്പെടുത്തിയ ആദ്യരാജ്യവുമാണ്.
എന്നാല്‍ മഴക്കാലത്തും നിറയാത്ത നദികളാണിന്ന് സംസ്ഥാനത്തുളളത്. നീണ്ടു പരന്നുകിടക്കുന്ന നദിയില്‍ ആഴമില്ലാതെ വെള്ളമൊഴുകുന്നു. തീരം ഇടിഞ്ഞിടിഞ്ഞ് നദിയില്ലാതാകുകയാണ്.
സംസ്ഥാനത്ത് ആകെ 44 നദികളാണുള്ളത് . മലിനീകരണവും മണല്‍വാരലും ഇതിലെ ഭൂരിഭാഗം നദികള്‍ക്കും ഭീഷണിയായിരിക്കുന്നു. നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി നിര്‍ബാധം നടക്കുന്ന മണല്‍വാരല്‍ കേരളത്തിലെ നദികളുടെ ചരമഗീതം കുറിക്കുകയാണ്.  അനുവാദമില്ലാത്ത കടവുകളില്‍ നിന്നും മണല്‍വാരല്‍ നടക്കുന്നുണ്ട്. നദീതീരങ്ങളില്‍ ദേശാടനപക്ഷികള്‍ എത്തുന്നതിനാല്‍ മണല്‍വാരല്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന ആവശ്യം അധികൃതര്‍ നടപ്പാക്കിയിട്ടില്ല.
നദിയുടെ തീരം പൂര്‍ണ്ണമായും ഇല്ലാതാകാന്‍ അധികകാലം വേണ്ടിവരില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവിടെയാണ് അനധികൃത മണല്‍വാരല്‍ കൂടുതലും നടക്കുന്നത്. മണല്‍ നീക്കം ചെയ്യുമ്പോള്‍ നദിയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്ന് വിവിധ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. നദിയുടെ തീരത്തുള്ളവര്‍ ഇപ്പോള്‍ കടുത്ത കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. അനാഥമായി കിടക്കുന്ന പമ്പ് ഹൗസുകളും നാട്ടുകാര്‍ക്ക്  വേദനയാണ്. നദിയുടെ കുറുകെയുള്ള പാലങ്ങളുടെ സുരക്ഷക്ക് ഭീഷണിയുയര്‍ത്തിക്കൊണ്ടാണ് മണല്‍വാരല്‍ നടക്കുന്നത്. ജലത്തിന് ഉപ്പുരസം കലര്‍ന്നത് മണല്‍വാരല്‍ മൂലമാണെന്ന് വിദഗ്ധര്‍ പറയുന്നു.
നദിയുടെ തീരത്തുള്ള കൃഷി വലിയൊരളവു വരെ നദി മലിനമാകുന്നതിന് കാരണമാകുന്നുണ്ട്. യാതൊരു നിയന്ത്രണവുമില്ലാത്ത കീടനാശിനി പ്രയോഗം നദികളെ വിഷമയമാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.എക്കല്‍മൂലം ആറുകള്‍ നികന്നു. ടണ്‍ കണക്കിന് എക്കലാണ് നദികളില്‍ അടിഞ്ഞു കൂടിയിരിക്കുന്നത്. ബോട്ടു ചാല്‍ മാത്രമാണ് അല്പമെങ്കിലും ആഴമുള്ളത്. നദിയുടെ തീരങ്ങള്‍ നികന്നതിനാല്‍ സമീപവാസികള്‍  അനധികൃതമായി കയ്യേറിയ നിലയിലാണ്. അനധികൃത മണല്‍ വാരലും,കയ്യേറ്റവും തടയുന്നതിന് ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവവശ്യം ശക്തമാകുകയാണ്.


.

RELATED STORIES

Share it
Top