മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച വീണ്ടും മാറ്റി

പി എം  അഹ്മദ്
കോട്ടയം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് എട്ടര വര്‍ഷമായി തുടരുന്ന കെ സജീവനെ മാറ്റാന്‍ സര്‍ക്കാര്‍ ഇപ്പോഴും തയ്യാറല്ലെന്ന ആക്ഷേപം ശരിവച്ച് ഇന്റര്‍വ്യൂ തിയ്യതി വീണ്ടും മാറ്റി. പുതിയ ചെയര്‍മാന്റെയും മെംബര്‍ സെക്രട്ടറിയുടെയും നിയമനത്തിനായി പരിഗണിക്കുന്നതിനു ലഭിച്ച അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കുന്നതിന് ഇന്നലെ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂവാണ് മാറ്റിവച്ചത്.
ഇന്നലെ ഉച്ചയ്ക്കു ശേഷം 2 മുതല്‍ 5 വരെ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂവും 5 മുതല്‍ മെംബര്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂവുമായിരുന്നു നിശ്ചയിച്ചിരുന്നത്. മൂന്നു വര്‍ഷത്തേക്കു മാത്രം തിരഞ്ഞെടുത്ത ചെയര്‍മാന്‍ സ്ഥാനമാണ് എട്ടര വര്‍ഷമായി കെ സജീവന്‍ തുടരുന്നത്. 2018 മാര്‍ച്ച് 31നകം പുതിയ ചെയര്‍മാനെ നിയമിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. പരമോന്നത നീതിപീഠത്തിന്റെ ഈ ഉത്തരവു പോലും കാറ്റില്‍പ്പറത്തിയാണ് നിയമനം സര്‍ക്കാര്‍ വൈകിക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവനുസരിച്ചുള്ള ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള കാലതാമസമാണ് നിയമന നടപടികള്‍ വൈകാന്‍ കാരണമായി സര്‍ക്കാര്‍ ആദ്യം ഉന്നയിച്ചിരുന്നത്.
ഫെബ്രുവരി അവസാനം ചട്ടങ്ങള്‍ രൂപീകരിച്ച് മാര്‍ച്ച് 12ന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ മെയ് 25ന് തിരഞ്ഞെടുപ്പ് കമ്മിറ്റിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി പരിസ്ഥിതി വകുപ്പ്, ഡോ. സി ടി എസ് നായര്‍ (പരിസ്ഥിതി വിദഗ്ധന്‍) എന്നിവരെ ചുമതലപ്പെടുത്തിയായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. അതേസമയം, നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഈ മാസം അവസാനം വിരമിക്കുകയും ചെയ്യും.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2010 ഡിസംബര്‍ 7നാണ് കെ സജീവന്‍ ചെയര്‍മാനായി ചുമതലയേറ്റത്. മൂന്നു വര്‍ഷത്തേക്കായിരുന്നു നിയമനമെങ്കിലും പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ മൂന്നു തവണ കെ സജീവന് കാലാവധി നീട്ടി നല്‍കി. ഒരു ടേമില്‍ കൂടുതല്‍ കേന്ദ്ര-സംസ്ഥാന മലിനീകരണ ബോര്‍ഡുകളില്‍ ചെയര്‍മാനെ നിയമിക്കരുതെന്ന ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ് ഇറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ കെ സജീവനെ മാറ്റാന്‍ തയ്യാറാവുന്നില്ല. മൂന്നു സര്‍ക്കാരിന്റെ ഭരണകാലയളവില്‍ എട്ടര വര്‍ഷമായി ചെയര്‍മാന്‍ സ്ഥാനത്ത് കെ സജീവന്‍ തുടരുന്നതിനെതിരേ പിസിബി ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ എതിര്‍പ്പ് രൂക്ഷമാണ്.
ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനമാണ് നടക്കുന്നത്. 2016 ആഗസ്ത് 24ലെ ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി പ്രകാരം പാരിസ്ഥിതിക വിഷയങ്ങളില്‍ വിദഗ്ധരായ ആളുകളെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിക്കണമെന്നാണ് നിര്‍ദേശം. ഒരു ടേമില്‍ കൂടുതല്‍ ആരെയും ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കരുതെന്നും സര്‍ക്കാര്‍ മാറിയാലും മൂന്നു വര്‍ഷം തികയാതെ ചെയര്‍മാനെ മാറ്റരുതെന്നും വിധിയില്‍ വ്യക്തമാക്കുന്നുണ്ട്.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ നിലവിലെ ചെയര്‍മാനെതിരേ ഗുരുതര ആരോപണങ്ങളുമായി പല തവണ രംഗത്തുവന്നിരുന്നു. അതേസമയം, സജീവന്‍ ചെയര്‍മാനായി തുടരുന്നതിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്നാണ് ആക്ഷേപം.

RELATED STORIES

Share it
Top