മലാലയ്‌ക്കെതിരായ ആക്രമണം വ്യാജം : വെളിപ്പെടുത്തലുമായി പാക് എംപിഇസ്്‌ലാമാബാദ്: നൊബേല്‍ പുരസ്‌കാര ജേത്രി മലാല യുസഫ് സായിക്കുനേരെ 2012ല്‍ താലിബാന്‍ നടത്തിയ ആക്രമണം മുന്‍കൂട്ടി തയ്യാറാക്കി നടപ്പാക്കിയതാണെന്ന് മുതിര്‍ന്ന പാക് പാര്‍ലമെന്റംഗത്തിന്റെ വെളിപ്പെടുത്തല്‍. സര്‍ക്കാര്‍ സഹായത്തോടെ ചില സംഘടനകള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് ആക്രമണമെന്ന് ഇമ്രാന്‍ഖാന്‍ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) വനിതാ നേതാവും എംപിയുമായ മുസാറത്ത് അഹമ്മദ് സേബ് പറഞ്ഞു. മുതലെടുപ്പ് നടത്തുകയായിരുന്നു അവരുടെ ഉദ്ദേശ്യം. സ്വാതിലെ ഖുശാല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനി ആയിരുന്ന മലാലയെയും സംഘത്തെയും പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ തടഞ്ഞുനിര്‍ത്തി അക്രമികള്‍ തുരുതുരാ വെടിയുതിര്‍ത്തുവെന്നായിരുന്നു റിപോര്‍ട്ടുകള്‍. തുടര്‍ന്നു പെഷാവറിലും ലണ്ടനിലും ചികില്‍സയില്‍ കഴിഞ്ഞ മലാലയ്ക്ക് വന്‍ വാര്‍ത്താ പ്രാധാന്യമാണു ലഭിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍, ഈ സംഭവങ്ങളും അവകാശവാദങ്ങളുമെല്ലാം നേരത്തേ ആസൂത്രണം ചെയ്തതാണെന്ന് സേബ് പറയുന്നു. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത നാടകമാണിത്. മലാലയെ ചികില്‍സിച്ച വൈദ്യസംഘത്തിനും ഇക്കാര്യമറിയാം. തന്റെ മൗനം മലാല എക്കാലത്തും പ്രകീര്‍ത്തിക്കപ്പെടാന്‍ ഇടയാക്കുമെന്നും ഇതില്ലാതിരിക്കാനാണ് രഹസ്യം വെളിപ്പെടുത്തിയതെന്നും അവര്‍ ഉര്‍ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ആസൂത്രണം വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നിരുന്നു. തലയ്ക്ക് വെടിയേറ്റെന്നു പറയപ്പെടുന്ന മലാലയ്ക്ക് സ്വാതിലെ ആശുപത്രിയില്‍ നടത്തിയ സിടി സ്‌കാനില്‍ തലയ്ക്കകത്ത് ബുള്ളറ്റ് കണ്ടെത്തിയിരുന്നില്ല. എന്നാല്‍, പെഷവാറിലെ സൈനിക ആശുപത്രി പരിശോധനയില്‍ ബുള്ളറ്റ് കണ്ടെത്തിയെന്നും അവര്‍ പിന്നീട് ട്വീറ്റ് ചെയ്തു. മലാലയുടെ ചികില്‍സയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സര്‍ക്കാര്‍ സൗജന്യമായി ഭൂമി നല്‍കി. ഇതു പലതും മറച്ചുവയ്ക്കാനുള്ള കൈക്കൂലിയായിരുന്നുവെന്നും സേബ് കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top