മലയോര ഹൈവേ: സ്ഥലം ലഭ്യമായാല്‍ ഉടന്‍ നിര്‍മാണം; 12 മീറ്റര്‍ വീതിയില്‍ 18 കിലോമീറ്റര്‍ പാത

ചാലക്കുടി:  നിര്‍ദ്ദിഷ്ട മലയോര ഹൈവേയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി ചാലക്കുടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ടവരുടെ ആലോചന യോഗം റസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ചു.
വെള്ളിക്കുളങ്ങര ജംഗ്ഷന്‍ മുതല്‍ വെറ്റിലപ്പാറ പാലംവരെയുള്ള 18.35കി.മീ.ദൂരമാണ് ചാലക്കുടി മണ്ഡലത്തില്‍ മലയോര ഹൈവേ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്നത്. 12മീറ്റര്‍ വീതിയിലുള്ള റോഡാണ് വിഭാവനം ചെയ്തട്ടുള്ളത്. ഇതില്‍ 16.025 കി.മി.ജില്ലാ പഞ്ചായത്ത് റോഡും അര കിലോമീറ്റര്‍ പൊതുമരാമത്ത് ജില്ലാ റോഡും 1.774കി.മീ. പൊതുമരാമത്ത് സ്റ്റേറ്റ് ഹൈവേയുടേയും ഉടമസ്ഥതയിലുള്ളതാണ്.
റോഡിന്റെ വശങ്ങളിലെ സ്ഥലം ഫ്രീസറണ്ടറായി ഏറ്റെടുത്താണ് മലയോരപാത നിര്‍മ്മിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം ഡീമാര്‍ക്ക് ചെയ്ത് കല്ലുകള്‍ സ്ഥാപിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. 79കോടി രൂപ ചിലവിലാണ് മലയോരപാത നിര്‍മ്മിക്കുന്നത്. സംസ്ഥാനത്ത് 13 ജില്ലകളില്‍ കൂടിയാണ് മലയോരപാത കടന്ന് പോകുന്നത്. ഇതില്‍ നാല് ജില്ലകളില്‍ നിര്‍മ്മാണത്തിനാവശ്യമായ നടപടികള്‍ ആരംഭിച്ചു കവിഞ്ഞു.
തൃശൂര്‍ ജില്ലയിലും ഉടന്‍ നിര്‍മ്മാണം ആരംഭിക്കണമെന്ന താത്പര്യത്തിലാണ് അധികൃതര്‍. പട്ടിക്കാട് മുതല്‍ വെറ്റിലപ്പാറ വരെയുള്ള ഭാഗത്തിലൂടെയാണ് പാത കടന്ന് പോകുന്നത്. ഇതിന്റെ ഭാഗമായി നിര്‍മ്മാണത്തിന്റെ നടപടികള്‍ ത്വരിതഗതിയില്‍ ആക്കുന്നതിനായാണ് ചാലക്കുടി റസ്റ്റ്ഹൗസില്‍ ബന്ധപ്പെട്ടവര്‍ യോഗം ചേര്‍ന്നത്.
ചാലക്കുടി നി.മണ്ഡലത്തില്‍ വെള്ളിക്കുളങ്ങര മുതല്‍ വെറ്റിലപ്പാറ 13വരെ 18.349 കി.മീറ്ററാണ് മലയോര പാത കടന്ന് പോവുക. വെള്ളിക്കുളങ്ങര, കോര്‍മല, രണ്ടുകൈ, ചായ്പന്‍കുഴി, കോട്ടാമല, വെറ്റിലപ്പാറ 13എന്നി സ്ഥലങ്ങള്‍ സ്പര്‍ശിച്ച് കടന്ന് പോകുന്ന പാത സില്‍വര്‍ സ്‌ട്രോം വാട്ടര്‍ തീം പാര്‍ക്കിന് എതിര്‍വശത്തുള്ള വെറ്റിലപ്പാറ പാലത്തിലൂടെ ചാലക്കുടിപുഴ കടന്ന് എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കുന്ന തരത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളത്.
12മീറ്റര്‍ വീതിയാണ് പാതയ്ക്ക് ഉണ്ടാവുക. ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത് റോഡിന്റേയും പൊതുമരാമത്ത് റോഡിന്റേയും ഇരുവശത്തുമുള്ള ഭൂവുടമകള്‍ ഇതിന് ആവശ്യമായ ഭൂമി വിട്ട് നല്കിയാലാണ് ഇതിന് അനുമതി ലഭിക്കുകയുള്ളൂ. കാര്യമായ രീതിയില്‍ കെട്ടിടങ്ങളും വീടുകളും പൊളിക്കാതെ ഈ ഭാഗത്തുകൂടെ കടന്ന് പോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ വലിയ പ്രതിസന്ധികള്‍ റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടാവുകയില്ലെന്നാണ് കണക്കുകൂട്ടല്‍.
യോഗത്തില്‍ ബി ഡി ദേവസ്സി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ.എ കൗശിഗന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ തങ്കമ്മ വര്‍ഗ്ഗീസ്, ഉഷ ശശിധരന്‍, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജു വാഴക്കാല, ജില്ലാ പഞ്ചായത്തംഗം സിനി ടീച്ചര്‍, ചാലക്കുടി ഡി.എഫ്.ഒ:ആര്‍ കീര്‍ത്തി, വാഴച്ചാല്‍ ഡി.എഫ്.ഒ:രാജേഷ്, പൊതുമരാമത്ത് റോഡ് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ടി.കെ.ബല്‍ദേവ്, എക്‌സി.എഞ്ചിനിയര്‍ പി.വി.ബിജി, അസി.എക്‌സി.എഞ്ചിനിയര്‍ വി.പി.സിന്റോ, എ.ഇ.മാരായ എ.കെ.നവീന്‍, ദേവകുമാര്‍, വാട്ടര്‍ അതോറിറ്റി എക്‌സി.എഞ്ചിനിയര്‍ പി.കെ.സുരേഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.എസ്.ഗോപി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top