മലയോര മേഖലയില്‍ കോളജ് തുടങ്ങാന്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് സിപിഎം

കുറ്റിക്കോല്‍: മലയോര മേഖലയില്‍ പുതിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സിപിഎമ്മിനകത്ത് തര്‍ക്കമെന്ന നിലയില്‍ വന്ന ചില മാധ്യമ വാര്‍ത്തകള്‍ തെറ്റിധാരണജനകണെന്ന് സിപിഎം ബേഡകം ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
ബേഡകം, കുറ്റിക്കോല്‍ പഞ്ചായത്തുകള്‍ ഉള്‍കൊള്ളുന്ന മലയോര മേഖലയില്‍ പുതുതായി കോളജ് തുടങ്ങുന്നതിന് നാളിതുവരെ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.
കഴിഞ്ഞ ഡിസംബറില്‍ നടന്ന സിപിഎം ബേഡകം ഏരിയ സമ്മേളനം ഈ മേഖലയില്‍ പുതിയ സര്‍ക്കാര്‍ കോളജ് അനുവദിക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് പ്രാഥമിക പരിശോധനയെന്ന നിലയില്‍ കോഴിക്കോട് കോളജിയറ്റ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും ഉദ്യോഗസ്ഥരും സ്ഥലപരിശോധനയ്ക്കായി ഇക്കഴിഞ്ഞ മെയ് 10ന് ഇവിടം എത്തിയിരുന്നു.
ഏറ്റവും ചുരുങ്ങിയത് 6 ഏക്കര്‍ ഭൂമിയെങ്കിലും ലഭ്യമാകുന്നിടത്ത് മാത്രമേ സന്ദര്‍ശിക്കേണ്ടതുള്ളു എന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ അധികൃതരുമായി സംസാരിച്ച്  ഇത്രയും സര്‍ക്കാര്‍ ഭൂമി ലഭിക്കാന്‍ സാധ്യതയുള്ള ബേഡകം വില്ലേജിലെ വലിയപാറ, ചെറാപൈക്കം, കൊളത്തൂര്‍ വില്ലേജിലെ ആലുങ്കാല്‍ എന്നീ പ്രദേശങ്ങള്‍ ഉദ്യോഗസ്ഥസംഘം സന്ദര്‍ശിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് മറ്റ് തുടര്‍നടപടികള്‍ ഒന്നും തന്നെ അധികാരികള്‍ സ്വീകരിച്ചതായി അറിവില്ല. കോളജ് എവിടെ തുടങ്ങണമെന്നത് സംബന്ധിച്ച് സിപിഎമ്മിനകത്ത് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഇരു പഞ്ചായത്തിലെ എവിടെ കോളജ് അനുവദിച്ചാലും പാര്‍ട്ടിക്ക് സ്വീകാര്യമാണെന്നും കമ്മിറ്റി അറിയിച്ചു.

RELATED STORIES

Share it
Top