മലയോര നിവാസികളെ ദുരിതത്തിലാക്കി സര്‍ക്കാര്‍ ഉത്തരവ്

കുളത്തൂപ്പുഴ: മലയോരമേഖലയില്‍ വനംവകുപ്പ് പിടിമുറുക്കുന്നു. വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ പട്ടയ ഭൂമികളില്‍പോലും വീടുവയ്ക്കാനും വില്‍ക്കുവാനും വനംവകുപ്പിന്റെ അനുമതി വേണമെന്ന സര്‍ക്കാര്‍ ഉത്തരവ്. ഇതിനെതുടര്‍ന്ന് വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വില്ലേജോഫിസുകളില്‍ കത്തു നല്‍കിയതോടെ വില്ലേജോഫിസുകളില്‍ നിന്ന് കൈവശ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തി വച്ചിരിക്കുകയാണ്. ഇതു കാരണം വീട് വയ്ക്കാനോ വില്‍പന നടത്താനോ കഴിയാതെ കര്‍ഷകര്‍ ദുരിതത്തില്‍. കേരളത്തിലെ മലയോര മേഖലയോട് ചേര്‍ന്ന് കിടക്കുന്ന മിക്ക പഞ്ചായത്തുകളിലും നിയമം ബാധകമാണ്. കര്‍ഷകരും സാധാരണക്കാരുമാണ് നിയമത്തില്‍ കഷ്ടത്തിലായിരിക്കുന്നത്. മലയോര മേഖലയിലെ പഞ്ചായത്തുകളിലെ കര്‍ഷകരുടെ ഭൂമി വില്‍പനയും വീടുവയ്പും മുടങ്ങും. ലൈഫ്പദ്ധതി പ്രകാരവും അല്ലാതെയുള്ള സര്‍ക്കാര്‍ പദ്ധതികളിലും വീട് വയ്ക്കാന്‍ കഴിയാതെ വരും. വനംവകുപ്പ് കനിഞ്ഞാല്‍ തന്നെമാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാകും അനുമതി ലഭിക്കുക. കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ്, ഏരൂര്‍, പെരിങ്ങമ്മല തുടങ്ങിഭൂരിഭാഗം പഞ്ചായത്തുകളിലും നിയമം ബാധകം. കുളത്തൂപ്പുഴ പഞ്ചായത്തിലെ ചോഴിയക്കോടു നിന്നും കൈവശസര്‍ട്ടിഫിക്കറ്റിന്നല്‍കിയ അപേക്ഷ പ്രകാരം കുളത്തൂപ്പുഴ വില്ലേജോഫിസില്‍ നിന്നും വനംവകുപ്പിന്റെ അനുമതിക്ക് നല്‍കിയ കത്തിന് ഒരുമാസത്തോളമായിട്ടും അനുമതി ലഭിക്കാത്തതും കര്‍ഷകരും മലയോര നിവാസികളും കടുത്ത ആശങ്കയിലായിരിക്കുകയാണ്.

RELATED STORIES

Share it
Top