മലയോര കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി റംബൂട്ടാന്‍ പൂത്തു

ചെറുപുഴ: മലയോര കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി റംബൂട്ടാനുകള്‍ പൂത്തു. ദക്ഷിണേഷ്യയില്‍ വന്‍തോതില്‍ വിളയുന്ന റംബുട്ടാന്‍ ജില്ലയിലെ മലയോര മേഖലയില്‍ വസന്തം തീര്‍ക്കുകയാണ്. ചെറുപുഴ, ആലക്കോട്, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലാണ് റംബുട്ടാന്‍ കൂടുതലായി കൃഷി ചെയ്യുന്നത്. ഇപ്പോള്‍ എല്ലായിടത്തും ഇത് പൂത്തുനില്‍ക്കുന്നത് മനോഹരമായ കാഴ്ചയാണ്. നേരത്തേ കരിമ്പം ഫാമില്‍ മാത്രമായിരുന്നു റംബുട്ടാന്‍ പേരിനെങ്കിലും ഉണ്ടായിരുന്നത്.
കണ്ണൂര്‍, തളിപ്പറമ്പ് മാര്‍ക്കറ്റില്‍ പഴങ്ങള്‍ ഈ പഞ്ചായത്തുകളില്‍നിന്നാണ് എത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ റംബുട്ടാന്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യം തായ്‌ലന്‍ഡാണ്. മഴക്കാലത്ത് മൂത്ത് പാകമാവുന്ന പഴമെന്ന വിശേഷണം കൂടി റംബുട്ടാനുണ്ട്. മാംഗോസ്റ്റിന്‍,  ലിച്ചി തുടങ്ങിയ പഴങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നവയാണ് റംബുട്ടാന്‍. മാര്‍ക്കറ്റില്‍ 300 രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ വില. കേരളത്തില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള റംബൂട്ടാന്‍ പഴങ്ങളാണ് കൃഷി ചെയ്യുന്നത്.
മലേസ്യ, ശ്രീലങ്ക, ഇന്തോനേസ്യ, ഫിലിപ്പീന്‍സ് എന്നിവടങ്ങളിലും ഇന്ത്യയിലും റംബൂട്ടാന്‍ കൃഷി ചെയ്യുന്നുണ്ട്. മാലി ഭാഷയിലെ റംബൂട്ട് എന്ന വാക്കില്‍ നിന്നാണ് റംബൂട്ടാന്‍ എന്ന പേരുണ്ടായത്. പുറന്തോടില്‍ നാരുകള്‍ കാണുന്നത് കൊണ്ടാണ് ഇത്തരത്തില്‍ പേര് വരാന്‍ കാരണം.
കേരളത്തില്‍ റംബൂട്ടാന്‍ നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്. 7 വര്‍ഷം പ്രായമായ വൃക്ഷങ്ങളാണ് കായ്ക്കുന്നത്. റംബൂട്ടാനില്‍ ജാതിമരം പോലെ ആണ്‍ മരവും പെണ്‍മരവും ഉണ്ട്. പൂര്‍ണമായും ജൈവ രീതിയില്‍ കൃഷി ചെയ്യാന്‍ പറ്റിയ ഫലവൃഷം കൂടിയാണിത്. സാധാരണയായി രോഗങ്ങള്‍ ബാധിക്കാത്ത ഒരു സസ്യമാണ് റംബൂട്ടാന്‍.

RELATED STORIES

Share it
Top