മലയോരത്ത് ഡെങ്കിപ്പനി പടരുന്നുകാളികാവ്: മലയോരമേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലായി നൂറിലേറെ പേര്‍ ചികില്‍സയിലാണ്. ദിനേന രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍. പനിയുടെ വ്യാപനം മുന്നില്‍കണ്ട് ആരോഗ്യ വകുപ്പും ഗ്രാമപ്പഞ്ചായത്തുകളും ചേര്‍ന്ന് കര്‍ശന നടപടികളാരംഭിച്ചു. ആരോഗ്യ വകുപ്പിന്റെ കീഴില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവര്‍ത്തനമാണ് നടക്കുന്നത്. കൊതുകു നശീകരണത്തിനും ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കുമായി ആരോഗ്യ വകുപ്പിനു പുറമെ ആശാ വര്‍ക്കര്‍മാര്‍, സന്നദ്ധസംഘ പ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ രംഗത്തുണ്ട്. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ ഒലക്കേക്കുന്ന്, കാളികാവ് പഞ്ചായത്തിലെ വെന്തോടന്‍ പടി അടക്കാക്കുണ്ട് ഭാഗങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി കണ്ടെത്തിയത്. റബര്‍ എസ്‌റ്റേറ്റുകള്‍, കവുങ്ങിന്‍ തോട്ടങ്ങള്‍ തുടങ്ങിയവയ്ക്ക് ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചിരട്ടകള്‍ കമഴ്ത്തിവയ്ക്കാത്തവര്‍ക്കും പാളകള്‍ അലക്ഷ്യമായി ഇടുന്നവര്‍ക്കുമെതിരേ പിഴയും നിയമ നടപടിയും സ്വീകരിക്കും.  നിലവിലെ സാഹചര്യം നേരിടുന്നതിന് എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും എല്ലാ സഹായവും സഹകരണവും നല്‍കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഖാലിദ് പറഞ്ഞു. കാളികാവ് സിഎച്ച്‌സിയില്‍ അധിക ഡോക്ടര്‍മാരെയും മെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കാന്‍ നടപടിയായി. ഡെങ്കിയെ നിയന്ത്രിക്കുന്നതിനും ആവശ്യമായ ചികില്‍സ ലഭ്യമാക്കുന്നതിനുമുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയതായി എച്ച്‌ഐമാരായ പി കെ മുഹമ്മദലി, പി അന്‍വര്‍ എന്നിവര്‍ പറഞ്ഞു.

RELATED STORIES

Share it
Top