മലയോരത്ത് കനത്ത മഴയില്‍ വ്യാപക നാശം

എടക്കര: മലയോരത്ത് പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശം. മലവെള്ളപ്പാച്ചിലില്‍ പുന്നപ്പുഴയുടെ തീരമിടിഞ്ഞു. മുണ്ട ആശാരിപ്പൊട്ടിയില്‍ പത്ത് വീടുകള്‍ തകര്‍ച്ച ഭീതിയിലായി. അരിമ്പ്രകുന്നന്‍ കാസിം, പുലിവെട്ടി മുഹമ്മദ്, സിദ്ദീഖ്, ഏറിയാടന്‍ അബ്ദുള്‍ സമദ്, മേലേതില്‍ പോക്കര്‍, ഉദിക്കമണ്ണില്‍ സ്‌കറിയ, പാറയിടത്തില്‍ സോളി ജോണ്‍സണ്‍, കൈതറ അബുബക്കര്‍ മുസ്ലിയാര്‍, കരിവെളളിത്തോട്ടത്തില്‍ കരിം, പുല്ലേങ്ങര ജമീല എന്നിവരുടെ വീടിനോട് ചേര്‍ന്ന സ്ഥലമാണ് മലവെള്ളപ്പാച്ചിലില്‍ പുഴ കൊണ്ടുപോയത്. വിടിനോടുചേര്‍ന്ന ബാക്കിയുള്ള സ്ഥലം വിണ്ടുകീറിയ നിലയിലാണ്. പുഴയോട് ചേര്‍ന്നുള്ള ഇവരുടെ വീട് ഏത് നിമിഷവും തകരുമെന്ന നിലയിലാണ്. മൂന്ന് വര്‍ഷം മുമ്പാണ് പുഴയോരം ഇടിച്ചില്‍ തുടങ്ങിയത്. എന്നാല്‍, കാലവര്‍ഷം ശക്തമായതോടെയാണ് ഇത്തവണ വലിയ തോതില്‍ കരയിടിഞ്ഞത്. തെങ്ങ്, കമുക്, വാഴ എന്നിവ കരയിടിച്ചിലില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ പി വി അന്‍വര്‍ എംഎല്‍എ സന്ദര്‍ശിച്ചു. പുഴയ്ക്ക് സംരക്ഷണ ഭിത്തി കെട്ടി കുടുംബങ്ങളെ സംരക്ഷിക്കണമെന്ന് പരിവാര്‍ കേരള വഴിക്കടവ് സെക്രട്ടറി സില്‍വി മനോജിന്റെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ എംഎല്‍എയ്ക്ക് പരാതി നല്‍കി.
വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ഇ എ സുകു, സിപിഎം ഏരിയാ സെക്രട്ടറി ടി രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ഒ ടി ജയിംസ്, ബ്ലോക്ക് അംഗങ്ങളായ ബൈജു പാലാട്, പി ടി ഉഷ, വി വിനയ ചന്ദ്രന്‍, തേറമ്പത്ത് അബ്ദുള്‍ കരം, മനോജ് മാമന്‍ എന്നിവര്‍ എംഎല്‍എയെ അനുഗമിച്ചു.
മലവെള്ളപാച്ചിലില്‍ ബലക്ഷയം സംഭവിച്ച ചുങ്കത്തറ മുട്ടിക്കടവ് പാലവും പി വി അന്‍വര്‍ എംഎല്‍എ സന്ദര്‍ശിച്ചു. മലവെള്ളപ്പാച്ചിലില്‍ പാലത്തിന്റെ കൈവരികള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. പാലത്തിന്റെ തൂണുകള്‍ക്കും ബലക്ഷയം നേരിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എംഎല്‍എ പാലം സന്ദര്‍ശിച്ചത്. കെഎന്‍ജി റോഡിന് ആനുപാതിക ഉയരത്തില്‍ പുതിയ പാലം നിര്‍മിക്കണമെന്ന് നാട്ടുകാര്‍ എംഎല്‍എയോട് ആവശ്യപ്പെട്ടു. പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ സംരക്ഷണ ഭിത്തികളും തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. പുന്നപ്പുഴയിലൂടെ ഒഴുകിവന്ന വന്‍മരങ്ങള്‍ പാലത്തിന്റെ തൂണില്‍ വന്നടിച്ചതും ബലക്ഷയത്തിന് കാരണമായി. 40 വര്‍ഷം മുമ്പാണ് മുട്ടിക്കടവ് കോസ് വേ നിര്‍മിച്ചത്. മഴക്കാലമാവുന്നതോടെ പാലത്തിന് മുകളില്‍ക്കൂടി വെള്ളം കവിഞ്ഞൊഴുകുന്നത് നിത്യസംഭവമായി മാറിയിരിക്കുയൊണ്. പാലത്തിന്റെ നിര്‍മാണ പ്രവൃത്തിക്കാവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചതായി എംഎല്‍എ അറിയിച്ചു.

RELATED STORIES

Share it
Top