മലയാള സിനിമാപിന്നണി ഗായകര്‍ക്ക് പുതിയ സംഘടന 'സമം'

കൊച്ചി: മലയാള സിനിമയിലെ പിന്നണി ഗായകര്‍ക്കായി പുതിയ സംഘടന രൂപീകൃതമായി. സിങേഴ്‌സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് (സമം) എന്ന പേരില്‍ കൊച്ചി കേന്ദ്രീകരിച്ചാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.ഗാനഗന്ധര്‍വന്‍ പത്മശ്രീ ഡോ. കെ ജെ യേശുദാസ് ഉപദേശകസമിതി ചെയര്‍മാനായുള്ള സംഘടനയുടെ പ്രസിഡന്റ് സുദീപ് കുമാറും സെക്രട്ടറി രവിശങ്കറുമാണ്. വിജയ് യേശുദാസ്, രാജലക്ഷ്മി (വൈസ് പ്രസിഡന്റുമാര്‍), ദേവാനന്ദ്, സിത്താര (ജോയിന്റ് സെക്രട്ടറിമാര്‍), അനൂപ് ശങ്കര്‍ (ഖജാഞ്ചി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍ എന്നിവരുള്‍പ്പെട്ട 23 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. പി ജയചന്ദ്രന്‍, എം ജി ശ്രീകുമാര്‍, ചിത്ര, ഉണ്ണിമേനോന്‍, സുജാത തുടങ്ങിയവരെ ഉപദേശകസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. ചുരുങ്ങിയത് അഞ്ച് മലയാള സിനിമയില്‍ പാടിയിട്ടുള്ളവര്‍ക്കാണു സംഘടനയില്‍ അംഗത്വം നല്‍കുന്നത്. കൊച്ചി ഐഎംഎ ഹാളില്‍ ഇന്നലെ ചേര്‍ന്ന സംഘടനാ രൂപീകരണ യോഗത്തില്‍ 75 ഓളം ഗായകര്‍ പങ്കെടുത്തു. ഇവര്‍ക്കെല്ലാം അംഗത്വവും നല്‍കി. കെ ജെ യേശുദാസിനാണ് ആദ്യ അംഗത്വം നല്‍കിയത്. ഗായകരുടെ ക്ഷേമം പ്രഥമ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് നിലവില്‍ സിനിമാ മേഖലയിലെ മറ്റ് തൊഴിലാളി യൂനിയനുകളുമായി അഫിലിയേഷനില്ലെന്നും അവശ്യമെങ്കില്‍ പിന്നീട് അതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നും പ്രസിഡന്റ് സുദീപ് കുമാര്‍ പറഞ്ഞു.

RELATED STORIES

Share it
Top