മലയാള സിനിമയ്ക്ക് ഇരട്ടനികുതി ഒഴിവാക്കും : ധനമന്ത്രിതിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ചരക്കുസേവന നികുതി ഏര്‍പ്പെടുത്തുന്നതോടെ മലയാള സിനിമാ വ്യവസായത്തിനുണ്ടാവുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇരട്ടനികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി. അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി, മുകേഷ് എംഎല്‍എ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ധനമന്ത്രിയെ സന്ദര്‍ശിച്ചത്. ജിഎസ്ടി നടപ്പാക്കുമ്പോള്‍ ചലച്ചിത്രമേഖലയ്ക്ക് 28 ശതമാനം അധികനികുതി നല്‍കേണ്ടിവരും. ഇതിനുപുറമേയാണ് തദ്ദേശ സ്ഥാപനങ്ങള്‍ വിനോദനികുതി ഈടാക്കുന്നത്.ഇത് സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കുമെന്ന് പ്രതിനിധിസംഘം മന്ത്രിയെ അറിയിച്ചു. തുടര്‍ന്നാണ് വിനോദ നികുതി ഒഴിവാക്കുമെന്ന് മന്ത്രി അറിയിച്ചത്. പരാജയപ്പെടുന്ന സിനിമയ്ക്ക് ഒടുക്കിയ ജിഎസ്ടി അടുത്ത സിനിമയുടെ നികുതിയില്‍ പരിഗണിക്കാമെന്നും ധനമന്ത്രി ഉറപ്പുനല്‍കി. വിനോദനികുതി ഒഴിവാക്കുന്നതിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നഷ്ടം വരുമെന്ന ആശങ്കവേണ്ട. ഈ നഷ്ടം സര്‍ക്കാര്‍ നികത്തും. ഇക്കാര്യം അഞ്ചാം ധനകമ്മീഷനു വിടുമെന്നും ധനമന്ത്രി പറഞ്ഞു. ഇരട്ടനികുതി നല്‍കേണ്ടിവന്നാല്‍ സിനിമാ വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക് പോവും. സര്‍ക്കാര്‍ തീരുമാനം അനുസരിച്ചാണ് ഇരട്ടനികുതി ഒഴിവാക്കുന്നതെന്നും മന്ത്രി അറിയിച്ചു. നടനും തിയേറ്റര്‍ ഉടമകളുടെ പ്രതിനിധിയുമായ ദിലീപ്, നിര്‍മാതാക്കളായ സുരേഷ്‌കുമാര്‍, മണിയന്‍പിള്ള രാജു, രജപുത്ര രഞ്ജിത്ത്, സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top