മലയാള സിനിമയെ ക്രിമിനല്‍ വിമുക്തമാക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ വേണം: ആഷിക് അബു

കൊച്ചി: മലയാള സിനിമയിലെ കൊള്ളരുതായ്മകള്‍ ഇല്ലായ്മ ചെയ്യാന്‍ രാഷ്ട്രീയമായ ഇടപെടല്‍ ആവശ്യമാണെന്ന് സംവിധായകന്‍ ആഷിക് അബു. ഫാന്‍സ് അസോസിയേഷനുകളെ മുന്നില്‍ നിര്‍ത്തി താരങ്ങള്‍ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുകയാണെന്നും വിഷയത്തി ല്‍ ഇടപെടാന്‍ ഫെഫ്ക മടിക്കുകയാണെന്നും ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു.
ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരേയും സിനിമാസംഘടനകള്‍ക്കെതിരേയും ശക്തമായ വിമര്‍ശനമാണ് ആഷിക് അബു ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാരിനോടും പൊതുജനങ്ങളോടും രാഷ്ട്രീയപ്പാര്‍ട്ടികളോടുമുള്ള അഭ്യര്‍ഥനയായാണ് ആഷിക് നിലപാട് പരസ്യമാക്കിയിരിക്കുന്നത്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് മലയാള സിനിമയില്‍ തുടര്‍ന്നുവരുന്നത്. എതിര്‍ക്കുന്ന സ്ത്രീകള്‍ക്കു നേരെ സൈബര്‍ ആക്രമണവും വധഭീഷണിയും ഇക്കൂട്ടര്‍ നടത്തുന്നു. പണവും ആരാധകപിന്തുണയുമുണ്ടെന്ന ധാര്‍ഷ്ട്യമാണ് നടിയെ നടുറോഡില്‍ ആക്രമിക്കാന്‍ ചിലര്‍ക്ക് ധൈര്യമുണ്ടായത്. സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞ നടി പാര്‍വതിക്കെതിരേ നടന്ന സൈബര്‍ ആക്രമണം ഞെട്ടിക്കുന്നതായിരുന്നു. ആരാധകര്‍ സൈബര്‍ ആക്രമണം നടത്തിയപ്പോള്‍ മമ്മൂട്ടി മൗനം പാലിച്ചതായും ആഷിക് അബു ചൂണ്ടിക്കാട്ടി. ഫെഫ്കയ്‌ക്കെതിരേ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു.
സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരെ, പ്രത്യേകിച്ച് സ്ത്രീകളെ ഇക്കൂട്ടര്‍ ആക്രമിക്കുമ്പോള്‍ ഫെഫ്ക മൗനത്തിലാണ്. ഫെഫ്കയെ നയിക്കുന്ന സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ കുറ്റാരോപിതനായ നടനെ പിന്തുണയ്ക്കുന്നുവെന്നും ആഷിക് അബു കുറ്റപ്പെടുത്തി. വളരെ വേഗം മുന്നോട്ടുപോവുന്ന മലയാള സിനിമയെ ക്രിമിനല്‍മുക്തമാക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ വേണമെന്ന് കാണിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.

RELATED STORIES

Share it
Top