മലയാളിയുടെ ഇടപെടല്‍; രണ്ടര വര്‍ഷത്തിനുശേഷം ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹം നാട്ടിലയച്ചു

ദമ്മാം: രണ്ട് പതിറ്റാണ്ട് നാടും വീടും അറിയാതെ അടിമ വേല ചെയ്യേണ്ടി വന്ന ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹം രണ്ടര വര്‍ഷത്തിനുശേഷം  നാട്ടിലേക്ക് അയച്ചു. ശ്രീലങ്കയിലെ കുളച്ചല്‍ സ്വദേശിനി വല്ലീമ സനാസിയുടെ (59) മൃതദേഹമാണ് നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങി ദമ്മാമിലെ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ രണ്ടര വര്‍ഷത്തിലധികം സൂക്ഷിക്കേണ്ടി വന്നത്. ഒടുവില്‍ ശ്രീലങ്കന്‍ എംബസ്സിയുടെ അഭ്യര്‍ത്ഥന പ്രകാരം പ്രമുഖ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം നടത്തിയ ശ്രമങ്ങളാണ് ഈ മൃതദേഹം നാട്ടിലെത്തുന്നതിന് വഴിയൊരുക്കിയത്്.

1995ല്‍ സൗദിയിലെത്തിയ വല്ലീമ സനാസിയെ കുറിച്ച് പിന്നീട് വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. നാട്ടിലുള്ള ഭര്‍ത്താവും ഏക മകനും വല്ലീമയെ അന്വേഷിച്ച് മുട്ടാത്ത വാതിലുകളില്ല. രണ്ടര വര്‍ഷം മുമ്പ് കഠിന പ്രമേഹവും കരള്‍ രോഗവും ബാധിച്ച ഇവരെ ഒരു സൗദി സ്ത്രീ ആശുപത്രിയാക്കി പോവുകയായിരുന്നു. കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടും ആശുപത്രി അധികൃതരെ ഏല്‍പിച്ചിരുന്നു. ദിവസങ്ങള്‍ വിദഗ്ധ ചികില്‍സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ മരിച്ചതോടെ അധികൃതര്‍ ആശുപത്രിയിലെത്തിച്ച സ്ത്രീെയ ബന്ധപ്പെട്ടെങ്കിലും അവര്‍ കൈമലര്‍ത്തുകയാണുണ്ടായത്. ഇതോടെ ശ്രീലങ്കന്‍ എംബസ്സിയുടെ മുന്നില്‍ വിഷയമെത്തുകയും അന്വേഷണത്തില്‍ ഇവരുെട സ്പോണ്‍സര്‍ മരണപ്പെട്ടതായും കണ്ടെത്തി. ഈ കാരണം പറഞ്ഞ് അനന്തരാവകാശികളും കയ്യൊഴിഞ്ഞു. 20 വര്‍ഷത്തിലേറെ ജോലിചെയ്തിട്ടും ഒരു റിയാല്‍ പോലും ശമ്പളയിനത്തില്‍ ലഭിച്ചിട്ടില്ല. തങ്ങള്‍ക്ക് നീതികിട്ടണമെന്ന ആവശ്യവുമായി ഭര്‍ത്താവും മകനും കോടതിയെ സമീപിക്കുക കൂടി ചെയ്തതോടെ മൃതദേഹം നാട്ടിലയക്കുന്നതിന് തടസ്സമായി. നിയമപോരാട്ടം നടത്തി ഇവരുടെ ആനുകൂല്ല്യങ്ങള്‍ നേടാനുള്ള ശ്രമത്തിലാണ് ശ്രീലങ്കന്‍ എംബസ്സി. അതേ സമയം ശ്രീലങ്കന്‍ മാധ്യമങ്ങള്‍ ഈ വിഷയം ഉയര്‍ത്തികൊണ്ടു വരികയും ശ്രീലങ്കന്‍ സര്‍ക്കാര്‍ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വല്ലീമ സൗദിയിലെത്തിയതിന്റെ യാതൊരു രേഖകളും കംപ്യൂട്ടറില്‍ കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ മൃതദേഹം നാട്ടിലയക്കുന്നതിന് അനവധി കടമ്പകള്‍ ഉണ്ടായിരുന്നു. നാസ് വക്കത്തിന്റെ അക്ഷീണയത്‌നമാണ് പ്രതിബന്ധങ്ങള്‍ മറികടന്ന് മൃതദേഹം നാട്ടിലയക്കുന്നതിന് സഹായകമായത്.

RELATED STORIES

Share it
Top