മലയാളത്തിലെ പ്രഥമപത്രം പിറന്ന ചരിത്രമണ്ണില്‍ നിക്ക് ഉട്ട്

തലശ്ശേരി: മലയാളത്തിലെ ആദ്യ വര്‍ത്തമാനപത്രം പിറന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ഇല്ലിക്കുന്നിലെ ബംഗ്ലാവില്‍, ലോകത്തെ ചിരപ്രതിഷ്ഠനായ ഫോട്ടോജേണലിസ്റ്റ് നിക്ക്് ഉട്ട് എത്തിയത് തന്റെ കൗതുകം നിറച്ച കണ്ണും കാമറയുമായി. ലോകപ്രശസ്ത വിയറ്റ്‌നാമീസ് അമേരിക്കന്‍ ഫോട്ടോഗ്രഫര്‍ നിക് ഉട്ട് തന്റെ കേരള സന്ദര്‍ശനത്തിന്റെ അവസാന ദിവസമാണ് ഇല്ലിക്കുന്നില്‍ ‘രാജ്യസമാചാരം പിറന്ന മണ്ണിലെത്തിയത്.
തലശ്ശേരിയിലെ ഗുണ്ടര്‍ട്ട് പ്രതിമ സന്ദര്‍ശിച്ച ശേഷം ഇല്ലിക്കുന്നിലെത്തിയ അദ്ദേഹം ബംഗ്ലാവും പരിസരവും നടന്നുകണ്ടും അതിന്റെ ചരിത്രം സാകൂതം ശ്രവിച്ചും കാമറയില്‍ ഒപ്പിയെടുത്തും ഏവരുടെയും മനം കവര്‍ന്നു. തുടര്‍ന്ന് പിണറായി പാറപ്രം സമ്മേളന സ്മാരകം സന്ദര്‍ശിച്ച് അഭിവാദ്യമര്‍പ്പിച്ചു.
ശേഷം ധര്‍മടം ബീച്ചിലും ജവഹര്‍ ഘട്ടിലുമെത്തി. തലശ്ശേരിയില്‍നിന്ന് മടങ്ങുന്നതിന് മുമ്പ് ജഗന്നാഥ ക്ഷേത്രത്തിലെത്തിയ അദ്ദേഹം, ക്ഷേത്രത്തില്‍ ആ സമയം വിവാഹം കഴിഞ്ഞ നവദമ്പതികള്‍ക്ക് വിവാഹ ഫോട്ടോഗ്രഫറുമായി.
രാവിലെ മാഹിയിലെത്തിയ നിക് ഉട്ട് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദനുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് മയ്യഴിപ്പുഴയും ശ്രീകൃഷ്ണ ക്ഷേത്രവും മയ്യഴിപ്പള്ളിയും മുഴപ്പിലങ്ങാട് ബീച്ചും സന്ദര്‍ശിച്ചു. മലയാളിയുടെ ആതിഥ്യമര്യാദയുടെ വിളംബരമായി മാലയണിയിച്ചും ഇളനീരും ഫലങ്ങളും നല്‍കിയും ഹൃദ്യമായ സ്വീകരണമാണ് നിക് ഉട്ടിന് ലഭിച്ചത്. രാവിലെ 9.30ഓടെയാണ് നിക് ഉട്ടും സുഹൃത്ത് ലോസ് ആഞ്ചലസ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോയും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനത്തില്‍ തലശ്ശേരി നഗരസഭാ കാര്യാലയത്തില്‍ എത്തിയത്. നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍, ചിത്രകാരന്‍ കെ കെ മാരാര്‍, ജെമിനി ശങ്കരന്‍, എം സി പവിത്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും ഫോട്ടോഗ്രഫര്‍മാരും ചേര്‍ന്ന് നിക് ഉട്ടിനെ സ്വീകരിച്ചു.
നഗരസഭാങ്കണത്തില്‍ കാമറയും ചുമലിലേന്തി എത്തിയ കൊച്ചു മിടുക്കനെ കെട്ടിപിടിച്ച നിക്ക്് ഉട്ട് അവിടെ കൂടി നിന്ന ഫോട്ടോഗ്രഫര്‍മാര്‍ക്കായി വിവിധ പോസുകളില്‍ നിന്നു കൊടുത്തു. തുടര്‍ന്ന് തന്റെ ചുറ്റുമുള്ള ഓരോരുത്തരെയും അഭിനന്ദിച്ചു. കൗണ്‍സില്‍ ഹാളില്‍ ഉജ്വല സ്വീകരണമാണ് നല്‍കിയത്. സ്വീകരണ സമ്മേളനം നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ നജ്മ ഹാഷിം അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top