മലയാളത്തിന് 10 പുരസ്‌കാരങ്ങള്‍

ന്യൂഡല്‍ഹി: 65ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നഗര്‍ കിര്‍ത്തന്‍ എന്ന ബംഗാളി സിനിമയിലെ അഭിനയത്തിന് 19കാരനായ റിഥി സെന്നിനാണ് മികച്ച നടനുള്ള പുരസ്‌കാരം. മാം എന്ന സിനിമയിലെ അമ്മകഥാപാത്രം ചെയ്ത അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയാണ് മികച്ച നടി. മികച്ച സിനിമയായി റിമാ ദാസ് സംവിധാനം ചെയ്ത അസമീസ് ചിത്രം വില്ലേജ് റോക്ക്‌സ്റ്റാര്‍സ് തിരഞ്ഞെടുക്കപ്പെട്ടു. എ ആര്‍ റഹ്മാനാണ് സംഗീത സംവിധായകന്‍ (കാറ്റ്‌റ് വെളിയിടെ, മാം).
മലയാളത്തിന് മികച്ച സംവിധായകനടക്കം പത്തു പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച സംവിധായകന്‍ ജയരാജ് (ഭയാനകം). കളിയാട്ടത്തിനുശേഷം സംവിധായകന്‍ എന്ന നിലയില്‍ ജയരാജിന് ലഭിക്കുന്ന രണ്ടാമത്തെ ദേശീയ പുരസ്‌കാരമാണിത്. മികച്ച സഹനടന്‍ ഫഹദ് ഫാസില്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും). ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള ചിത്രം. ഈ ചിത്രത്തിന് തിരക്കഥ രചിച്ച സജീവ് പാഴൂരിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. ടേക്ക്ഓഫിലെ നഴ്‌സായുള്ള മികച്ച പ്രകടനത്തിന് നടി പാര്‍വതി പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി. മികച്ച ഗായകനായി കെ ജെ യേശുദാസിനെ (വിശ്വാസപൂര്‍വം മന്‍സൂര്‍) തിരഞ്ഞെടുത്തു.
മലയാളത്തിന് ലഭിച്ച മറ്റു പുരസ്‌കാരങ്ങള്‍: മികച്ച അവലംബിത തിരക്കഥ: ജയരാജ് (ഭയാനകം), മികച്ച ഛായാഗ്രഹണം: നിഖില്‍ പ്രവീണ്‍ (ഭയാനകം), മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍: സന്തോഷ് രാജന്‍ (ടേക്ക്ഓഫ്), സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം (വി സി അഭിലാഷ്), മികച്ച മലയാള ഡോക്യുമെന്ററി: അനീസ് കെ മാപ്പിള (സ്ലേവ് ജെനസിസ്). ഡല്‍ഹി ശാസ്ത്രിഭവനില്‍ പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷന്‍ ശേഖര്‍ കപൂറാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

RELATED STORIES

Share it
Top