മലയാളം സര്‍വകലാശാലയ്ക്ക് ഭൂമിയേറ്റെടുക്കല്‍വിജിലന്‍സ് അന്വേഷണം വേണം: യുഡിഎഫ്മലപ്പുറം: തിരൂരില്‍ മലയാളം സര്‍വകലാശാലയ്ക്കു വേണ്ടി കണ്ടെത്തിയ ചതുപ്പു നിലങ്ങളും കണ്ടല്‍ കാടും നിറഞ്ഞ പ്രദേശത്തിന് മാര്‍ക്കറ്റ് വിലയുടെ 10 ഇരട്ടിയിലധികം വില നിശ്ചയിച്ച് ഏറ്റെടുക്കുന്നതിനെതിരേ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി. സര്‍വകലാശാലയ്ക്കുവേണ്ടി കണ്ടെത്തിയിട്ടുള്ള 17 ഏക്കറില്‍ നാല് ഏക്കര്‍ മാത്രമാണ് നിര്‍മാണപ്രവര്‍ത്തനത്തിന് യോഗ്യമായിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ബാക്കി കണ്ടല്‍കാടുകളും ചതുപ്പു നിലങ്ങളും മാത്രമായുള്ള 13 ഏക്കര്‍ സ്ഥലം വന്‍വിലക്ക് ഏറ്റെടുക്കാനുള്ള നീക്കം അഴിമതിയുടെ ഭാഗമാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഭൂമാഫിയകളുടെ വലയത്തില്‍ വീണ സര്‍വകലാശാലയും റവന്യൂ അധികൃതരും ഭൂമി കച്ചവടത്തിലൂടെ പൊതു ഖജനാവിന് വന്‍ നഷ്ടമാണ് വരുത്തുന്നത്. ഒരു എംഎല്‍എ അടക്കമുള്ള ഭരണകക്ഷിയിലെ ചിലരുടെ സ്ഥാപിത താല്‍പര്യമാണ് ഇതിനു പിന്നിലെന്നും യുഡിഎഫ് ആരോപിച്ചു. നിര്‍മാണത്തിന് അനുയോജ്യമായ ഭൂമി ലഭ്യമായിരുന്നിട്ടും നടപടിക്രമങ്ങള്‍ പാലിക്കാതെയും സുതാര്യതയില്ലാതെയും ഭൂമി ഏറ്റെടുക്കുന്നത് തീവെട്ടിക്കൊള്ളയ്ക്ക് അരങ്ങൊരുക്കുകയാണ്. ഇതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. അഴിമതി പുറത്തുകൊണ്ടുവരണമെന്നും സര്‍വകലാശാലയ്ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നും കണ്ടല്‍ കാടുകള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജുലൈ ആദ്യവാരം തിരൂര്‍ ആര്‍ഡിഒ ഓഫിസിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തും. മണ്ഡലം കമ്മിറ്റി ഭാരവാഹികളായ പി സെയ്തലവി, കെ പി കെ തങ്ങള്‍, വെട്ടം ആലിക്കോയ, പി രാമന്‍കുട്ടി, എം പി മുഹമ്മദ് കോയ, കെ പി ഷാജഹാന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top