മലയാറ്റൂരിനെ വിറപ്പിച്ച പുലി വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങികാലടി: മലയാറ്റൂര്‍ ജനവാസ മേഖലയില്‍ ഇറങ്ങി നാട്ടുകാരെ വിറപ്പിച്ച പുലി ഒടുവില്‍ വനംവകുപ്പ് അധികൃതരുടെ കെണിയില്‍ കുടുങ്ങി. ഇല്ലിത്തോട് ഒന്നാംബ്ലോക്കില്‍ അധികൃതര്‍ സ്ഥാപിച്ചിരുന്ന ഇരുമ്പുകൂട്ടില്‍ (പുലിക്കെണി) ശനിയാഴ്ച രാത്രിയോടെയാണ് കുടുങ്ങിയത്. കഴിഞ്ഞ ഒരുമാസത്തിനിടെ ആടിനെയും രണ്ടു വളര്‍ത്തുനായ്ക്കളെയുമാണ് പുലി കൊന്നു തിന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി  നാട്ടുകാരനായ ശശികുമാറിന്റെ കൂട്ടില്‍ക്കിടന്ന രണ്ടുവയസ്സുള്ള ആടിനെയും കൊന്നുതിന്നിരുന്നു. നെറ്റ് കെട്ടിയ കൂടു തകര്‍ത്താണ് ആടിനെ പിടിച്ചത്. കൂടാതെ ഒരു പ്രാര്‍ഥനാലയത്തിലും വീട്ടിലും വളര്‍ത്തിയിരുന്ന നായ്ക്കളെയും പുലി കൊന്നുതിന്നിരുന്നു. പുലിയുടെ ആക്രമണം തുടങ്ങിയതോടെ നിരവധി കുടുംബങ്ങള്‍ വസിക്കുന്ന ഗ്രാമം കഴിഞ്ഞ ഏതാനും നാളുകളായി പേടിയിലായിരുന്നു രണ്ട്‌വയസ്സ് പ്രായംവരുന്ന പുള്ളിപ്പുലി ശനിയാഴ്ച രാത്രിയിലാണ് കൂട്ടിലകപ്പെട്ടത്. കൂട്ടില്‍ കെട്ടിയിരുന്ന നായയെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് പുലി അകപ്പെട്ടത്. മലയാറ്റൂര്‍ ഡിഎഫ്ഒ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ വനംവകുപ്പ്് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പുലിയെ വൈദ്യപരിശോധന നടത്തിയ ശേഷം ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് കാട്ടില്‍ തുറന്നുവിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top