മലയകം കുന്നിലെ മെറ്റല്‍ ക്രഷറിനെതിരേ ജനകീയ പ്രതിരോധ സംഗമം

എരുമപ്പെട്ടി: എരുമപ്പെട്ടി തിരുമിറ്റക്കോട് പഞ്ചായത്തിലെ മലയകം കുന്നില്‍ ആരംഭിക്കുന്ന മെറ്റല്‍ ക്രഷറിനെതിരേ സമര സമിതിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ സംഗമം സംഘടിപ്പിച്ചു. ചിറ്റണ്ട, കടങ്ങോട് വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന മലയകം കുന്നില്‍ തൃപ്തിയെന്ന പേരില്‍ സ്വകാര്യ മെറ്റല്‍ ക്രഷര്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
ഇതിനോട് അനുബന്ധിച്ചുള്ള കരിങ്കല്‍ ക്വാറികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.തിരുമിറ്റക്കോട് പഞ്ചായത്തിലെ പള്ളിപ്പാടം, താളം, ചാഴിയാട്ടിരി, ഇട്ടോണം, അകിലാണം പ്രദേശങ്ങളിലെയും വരവൂര്‍ പഞ്ചായത്തിലെ തിച്ചൂര്‍, എട്ടാമാടം, കോഴിക്കുന്ന് കോളനി പ്രദേശങ്ങളിലേയും ജനങ്ങള്‍ക്കാണ് ക്രഷറിന്റെയും ക്വാറികളുടെയും പ്രവര്‍ത്തം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.
ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് പഞ്ചായത്ത് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ ക്രഷറിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് സമര സമിതി ആരോപിക്കുന്നു. ക്രഷറിന്റെയും കരിങ്കല്‍ ക്വാറികളുടെയും പ്രവര്‍ത്തനം കുന്നുകളും ശീമകാടുകളും ഇല്ലാതാക്കുന്നതിനോടൊപ്പം പ്രദേശത്തെ തണ്ണീര്‍തടങ്ങള്‍, നീര്‍ചോലകള്‍ ഉള്‍പ്പടെയുള്ള ജലസ്രോതസുകളുടേയും, നെല്‍വയലുകളുടേയും നാശത്തിനടയാക്കും.വായുവും വെള്ളവും മലിനപ്പെടുത്തി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ക്രഷറിനും കരിങ്കല്‍ ക്വാറികള്‍ക്കുമെതിരേ പ്രദേശവാസികള്‍ ആന്റി ബ്ലാസ്റ്റ് ആന്‍ഡ് ഡസ്റ്റ് ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ സമര സമിതി രൂപീകരിച്ച് പ്രതിരോധത്തിന് ഇറങ്ങിയിരിക്കുകയാണ്.
പള്ളിപാടത്ത് നടന്ന പ്രതിരോധ സംഗമം വി ടി ബല്‍റാം എല്‍എഎ ഉദ്ഘാടനം ചെയ്തു.
പ്രകൃതിയെ ചൂഷണം ചെയ്ത് നശിപ്പിക്കുന്ന മാഫിയകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ടു  നില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സമര സമിതി ചെയര്‍മാന്‍ ടി ഹംസ അധ്യക്ഷനായി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഷാജഹാന്‍, പി എം രാജേഷ്, വാഹിദ്, ബി എം മുസ്തഫ തങ്ങള്‍, കെ മുഹമ്മദ് ബിലാല്‍ , ജയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രദേശത്തെ പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ പ്രതിരോധ സംഗമത്തില്‍ പങ്കെടുക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി.

RELATED STORIES

Share it
Top