മലബാര്‍ സിമന്റ്‌സ് അഴിമതി: ശശീന്ദ്രന്റെ ഭാര്യയും മരണപ്പെട്ടു; ദുരൂഹത ബാക്കി

പാലക്കാട്: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ ദുരൂഹത വര്‍ധിപ്പിച്ച് മറ്റൊരു മരണം കൂടി. നേരത്തേ മരണപ്പെട്ട മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന(52)യാണ് കോയമ്പത്തൂരിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു മരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
എന്നാല്‍, മരണത്തില്‍ ദുരൂഹത ആരോപിച്ച് ശശീന്ദ്രന്റെ ബന്ധുക്കള്‍ രംഗത്തെത്തി. അതേസമയം, ടീനയുടെ ബന്ധുക്കള്‍ മൃതദേഹം ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങി കോയമ്പത്തൂരിലെ പിഎന്‍ടി കോളനിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. മൂന്നു ദിവസം മുമ്പാണ് വൃക്കരോഗ ചികില്‍സയുമായി ബന്ധപ്പെട്ട് ടീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടീന എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.  ഇന്നലെ ഉച്ചയ്ക്കാണ് ശശീന്ദ്രന്റെ ബന്ധുക്കളെ വിവരം അറിയിക്കുന്നത്. വിവരം അറിഞ്ഞ് ആശുപത്രിയിലേക്ക് പുറപ്പെട്ടതിനു പിന്നാലെ മരണവിവരവും അറിയിക്കുകയായിരുന്നുവെന്നാണ് ബന്ധു ഡോ. സനല്‍ കുമാറും ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോയി കൈതാരവും പറഞ്ഞത്.
കോവൈ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരണം. ഇതേ ആശുപത്രിയില്‍ വച്ചായിരുന്നു കേസിലെ മറ്റൊരു സാക്ഷിയായ സതീന്ദ്ര കുമാറിന്റെയും മരണം. കേസില്‍ ആരോപണവിധേയനായ വിഎം രാധാകൃഷ്ണന്‍ വര്‍ഷങ്ങളായി ഇവിടെ നിന്നാണ് ചികില്‍സ തേടിയിരുന്നതെന്നും അതിനാല്‍ ആശുപത്രിയുടെ നടപടികളില്‍ സംശയമുണ്ടെന്നും ആക്ഷന്‍ സമിതി ഭാരവാഹികള്‍ പറഞ്ഞു.
കേസില്‍ മൊഴി നല്‍കാനിരിക്കെയാണ് 2011 ജനുവരി 24ന് ശശീന്ദ്രനെയും മക്കളായ വിവേക് (10), വ്യാസ് (8) എന്നിവരെ ദുരൂഹ സാഹചര്യത്തില്‍ കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണങ്ങളിലെ പ്രധാന സാക്ഷിയാണ് ടീന. സംഭവത്തില്‍ മലബാര്‍ സിമന്റ്‌സിലെ കരാറുകാരനായ വി എം രാധാകൃഷ്ണനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി 2013 മാര്‍ച്ച് 19ന് അറസ്റ്റ് ചെയ്തിരുന്നു.
ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും എവിടെയും എത്തിയില്ല. ബന്ധുക്കളടക്കം പ്രദേശവാസികള്‍ സമരസമിതി രൂപീകരിക്കുകയും സമരം നടത്തുകയും ചെയ്ത ശേഷം കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. രണ്ടു വര്‍ഷം മുമ്പ്, ശശീന്ദ്രന്റെ മരണത്തിലെ മറ്റൊരു സാക്ഷിയും മലബാര്‍ സിമന്റ്‌സിലെ ജീവനക്കാരനുമായ സതീന്ദ്ര കുമാറും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. 2013ലാണ് കോയമ്പത്തൂര്‍ ഉക്കടം ബസ്സ്റ്റാന്റില്‍ രാത്രി 10.30ഓടെ സതീന്ദ്ര കുമാര്‍ ബസ്സിടിച്ച് മരിച്ചത്. സ്റ്റാന്റില്‍ പ്രവേശനമില്ലാത്ത ബസ്സാണ് സതീന്ദ്ര കുമാറിനെ ഇടിച്ചിട്ടതെന്നും ജോയി കൈതാരം പറഞ്ഞു.
മലബാര്‍ സിമന്റ്‌സിലെ അഴിമതിക്കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന ഹരജിയുടെ ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്നു കാണാതായതോടെയാണ് അടുത്തിടെ കേസ് വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. ശശീന്ദ്രന്റെ പിതാവ് കെ വേലായുധനും ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ജോയി കൈതാരവും 2012ല്‍ നല്‍കിയ ഹരജികളിലെ 52 പേജ് വരുന്ന 20ലേറെ രേഖകളും അഴിമതി വിരുദ്ധ മനുഷ്യാവകാശ സംരക്ഷണ സമിതി 2012ല്‍ നല്‍കിയ അഴിമതിയിലൂടെ മലബാര്‍ സിമന്റ്‌സിനുണ്ടായ നഷ്ടം സംബന്ധിച്ച ഓഡിറ്റ് രേഖകളുമാണ് നഷ്ടമായത്.

RELATED STORIES

Share it
Top