മലബാര്‍ മാവേലിക്ക് പിന്നിലാക്കി; മെമു സമയം കൂട്ടി

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: റെയില്‍വേയുടെ പുതിയ സമയക്രമത്തില്‍ മലബാര്‍ എക്‌സ്പ്രസ് മാവേലി എക്‌സ്പ്രസിന് പിന്നിലായി. ഇതോടെ ഓഫിസ് ജീവനക്കാര്‍ ഉള്‍പ്പടെ തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാര്‍ വീടുകളിലെത്താന്‍ വൈകും. മലബാര്‍ എക്‌സ്പ്രസ് വൈകീട്ട് 6.45നും മാവേലി 7.25 നും ആയിരുന്നു തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടിരുന്നത്. പുതിയ സമയപട്ടിക പ്രകാരം മാവേലി 6.45നും മലബാര്‍ 7.25 ആയി. മലബാര്‍ കോട്ടയം വഴിയും മാവേലി ആലപ്പുഴ വഴിയുമാണ് മംഗലാപുരത്തിന് പോകുന്നത്. മാവേലിയെക്കാള്‍ കുടുതല്‍ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പുള്ള ട്രെയിനാണ് മലബാര്‍. തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയില്‍ കഴക്കൂട്ടം, മുരുക്കുംപുഴ, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, വര്‍ക്കല, പരവൂര്‍ എന്നിവടങ്ങളില്‍ മലബാറിന് സ്‌റ്റോപ്പുണ്ട്. എന്നാല്‍ മാവേലിക്ക് വര്‍ക്കല മാത്രമാണ് സ്‌റ്റോപ്പ്. രാത്രി 8.20ന് എത്തിയിരുന്ന മലബാര്‍ എക്‌സ്പ്രസിന്റെ ഇപ്പോഴത്തെ കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെ സമയം 8.30 ആണ്. എന്നാല്‍ ഇത് മാവേലിക്ക് പിന്നിലോടുന്നതിനാലും ഈ സമയത്ത് തിരുവനന്തപുരത്തേക്കുള്ള ജനശദാബ്ദിക്ക് ഉള്‍പ്പടെ ക്രോസിങ് ഉള്ളതിനാലും കൊല്ലത്ത് പലപ്പോഴും കൃത്യസമയത്ത് എത്തിച്ചേരാന്‍ കഴിയാതെ വരികയാണ്. കൂടാതെ രാജധാനി എക്‌സ്പ്രസുള്ള ദിവസങ്ങളില്‍ മലബാര്‍ പല സ്‌റ്റേഷനുകളിലും പിടിച്ചിടുന്നതും പതിവാണ്. മലബാര്‍ എക്‌സ്പ്രസ് ശാസ്താംകോട്ട പോലുള്ള ചെറിയ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പുള്ള ട്രെയിനാണ്. ഇത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ്. കൊല്ലത്ത് നിന്നുള്ള പാസഞ്ചറും പിന്നാലെ വഞ്ചിനാടും പോയാല്‍ ശാസ്താംകോട്ട ഉള്‍പ്പടെ ലോക്കല്‍ സ്‌റ്റേഷനുകളില്‍ നിര്‍ത്തുന്ന എക്‌സ്പ്രസ് ട്രെയിന്‍ മലബാറാണ്. ഈ ട്രെയിനിലെ യാത്രക്കാരാണ് ഇപ്പോള്‍ റെയില്‍വേയുടെ അശാസ്ത്രീയ സമയക്രമത്തില്‍ വലയുന്നത്.അതേസമയം, ട്രെയിനുകള്‍ വൈകുന്നതിനെതിരേ വ്യാപക പരാതി ഉയര്‍ന്നപ്പോള്‍ ഇതിനെ പ്രതിരോധിക്കാന്‍ റെയില്‍വേ ഉന്നതര്‍ കണ്ടെത്തിയ കുറുക്കുവഴിയുടെ ഭാഗമായി ട്രെയിനുകളുടെ സമയ ദൈര്‍ഘ്യം വര്‍ധിപ്പിച്ചത് പുതിയ സമയപട്ടികയില്‍ പ്രതിഫലിച്ചിട്ടുണ്ട്. രാവിലെ 5.50ന് എറണാകുളം ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന മെമു രാവിലെ 9.07ന് മണ്‍റോതുരുത്ത് സ്‌റ്റേഷനിലെത്തും. എന്നാല്‍ അവിടെ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള കൊല്ലം സ്‌റ്റേഷനിലെത്തണമെങ്കില്‍ 52 മിനിട്ട് വേണ്ടി വരുമെന്നാണ് റെയില്‍വേയുടെ പുതിയ ടൈംടേബിള്‍ പറയുന്നത്.ടൈംടേബിള്‍ പ്രകാരം 9.07ന് മണ്‍റോതുരുത്തിലെത്തുന്ന ട്രെയിന്‍ ആറ് കിലോമീറ്റര്‍ അകലെയുള്ള പെരിനാട് സ്‌റ്റേഷനിലെത്തുന്നത് 9.49നാണ്. പതിവായി വൈകിയെത്തുന്ന സമയം ട്രെയിന്റെ യഥാര്‍ഥ സമയമായി ടൈംടേബിള്‍ രേഖപ്പെടുത്തിയാണ് യാത്രക്കാരെ വലയ്ക്കുന്നത്. മെമു കൃത്യ സമയത്ത് ഓടിയെത്തുകയാണെങ്കില്‍ 9.20ന് പെരിനാട് സ്‌റ്റേഷനില്‍ നിന്ന് കൊല്ലത്തേക്ക് തിരിക്കും. പക്ഷേ കൊല്ലത്തിനും പെരിനാടിനും ഇടയില്‍ 45 മിനിട്ടിലേറെ സമയം ട്രെയിന്‍ പിടിച്ചിടും. ട്രെയിനില്‍ നിന്നിറങ്ങി റോഡിലേക്ക് പോകാന്‍ വഴിയില്ലാത്തതിനാല്‍ ട്രെയിന്‍ എടുക്കുന്നത് വരെ കാത്തിരിക്കാന്‍ മാത്രമാണ് യാത്രക്കാര്‍ക്ക് കഴിയുക. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമുള്ള ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ 10ന് എത്തേണ്ടവരാണ് മെമുവിനെ ആശ്രയിക്കുന്നത്. കന്യാകുമാരി-കൊല്ലം മെമുവിനെ കൊല്ലത്ത് നിന്നുള്ള എറണാകുളം മെമുവുമായി ബന്ധിപ്പിക്കണമെന്നാവശ്യവും പുതിയ പട്ടികയില്‍ ഇടം ലഭിച്ചില്ല. സമയം പാലിക്കാത്തതുമൂലം കന്യാകുമാരി കൊല്ലം മെമുവില്‍ എത്തുന്ന യാത്രക്കാര്‍ക്ക് എറണാകുളം മെമുവിനെ ആശ്രയിക്കാന്‍ പറ്റാതെവരികയാണിപ്പോള്‍. കൂടാതെ കൊല്ലം-താംബരം എക്‌സ്പ്രസ് പ്രതിദിന സര്‍വീസ് ആക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. പുതുക്കിയ സമയക്രമത്തിലും സ്‌പെഷ്യല്‍ ട്രെയിനാണ് ഈ സര്‍വീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 15നാണ് പുതിയ സമയക്രമം നിലവില്‍ വന്നത്.

RELATED STORIES

Share it
Top