'മലബാര്‍' ട്രേഡ്മാര്‍ക്കില്‍ കുത്തകാവകാശമില്ല

ന്യൂഡല്‍ഹി: മലബാര്‍ എന്ന പേര് ഉല്‍പന്നങ്ങളുടെ ട്രേഡ്മാര്‍ക്ക് ആയി ഉപയോഗിക്കുന്നതിനുള്ള അവകാശം ഒരു സ്ഥാപനത്തിന്റെ മാത്രം കുത്തകയാക്കാന്‍ സാധിക്കില്ലെന്ന് സുപ്രിംകോടതി.
ബിരിയാണി അരിക്ക് മലബാര്‍ എന്നു പേരിട്ടതിന്റെ പേരില്‍ പശ്ചിമ ബംഗാളിലെ ഭക്ഷ്യോല്‍പന്ന കമ്പനികളുടെ നടപടി ചോദ്യം ചെയ്യുന്ന ഹരജി തീര്‍പ്പാക്കവേയാണ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ആര്‍ ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ന്ന് രണ്ടു സ്ഥാപനങ്ങള്‍ക്കും മലബാര്‍ എന്ന പേര് ഉപയോഗിക്കാന്‍ കോടതി അനുവാദം നല്‍കി.
കേരള, തമിഴ്‌നാട്, കര്‍ണാടക വിപണിസാധ്യതകള്‍ മുന്നില്‍ക്കണ്ട് ബിരിയാണി അരിക്ക് മലബാര്‍ എന്നു പേരിട്ട പശ്ചിമ ബംഗാള്‍ ആസ്ഥാനമായ ബരോമ അഗ്രോ പ്രൊഡക്ടും പരാഖ് വാണിജ്യയും തമ്മിലുള്ള തര്‍ക്കമാണ് കോടതി തീര്‍പ്പാക്കിയത്. തങ്ങള്‍ 2001 മുതല്‍ ബിരിയാണി അരി മലബാര്‍ എന്ന പേരില്‍ വില്‍പന നടത്തിവരുന്നവരാണെന്നും അതിനാല്‍ ബരോമ അഗ്രോ പ്രൊഡക്ട് എന്ന കമ്പനി “മലബാര്‍ ഗോള്‍ഡ്എന്ന പേര് ഉപയോഗിക്കുന്നതു തടയണമെന്നുമായിരുന്നു പരാഖിന്റെ ആവശ്യം.
ഇക്കാര്യം ആദ്യം പരാഖ് കൊല്‍ക്കത്ത ഹൈക്കോടതി മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. ഹരജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ബരോമ മലബാര്‍ എന്ന പേര് ഉപയോഗിക്കുന്നത് വിലക്കി ഉത്തരവ് പുറപ്പെടുവിച്ചു. പേര് ഉപയോഗിക്കാന്‍ ഇടക്കാല സ്‌റ്റേ നിലനില്‍ക്കെത്തന്നെ ബരോമ വീണ്ടും ഹൈക്കോടതിയില്‍ ഹരജി നല്‍കി.
പരാഖിന്റെ വാദം വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണെന്നും പേര് മാറ്റാനാവില്ലെന്നും വേണമെങ്കില്‍ മലബാര്‍ എന്ന പേരില്‍ ചെറിയ മാറ്റമാവാമെന്നും അവര്‍ അറിയിച്ചു.
ഈ വാദം അംഗീകരിച്ച ഹൈക്കോടതി വ്യവസ്ഥകളോടെ ബരോമക്ക് മലബാര്‍ എന്ന പേര് ഉപയോഗിക്കാമെന്ന് ഉത്തരവില്‍ ഭേദഗതി വരുത്തിയിരുന്നു.

RELATED STORIES

Share it
Top