മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ കാല്‍പ്പന്തുകളിയുടെ സുവര്‍ണകാലം തിരിച്ചുവരുന്നു

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ കാല്‍പ്പന്തുകളിയുടെ സുവര്‍ണകാലംതിരിച്ചുവരുന്നു. കേരള ഫുട്‌ബോളിന് മികച്ച സംഭാവനകള്‍ നല്‍കിയ മലബാര്‍ ക്രിസ്ത്യന്‍ കോളജിന്റെ മഹത്തായ പാരമ്പര്യം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി ഫുട്‌ബോള്‍ അക്കാദമിക്ക് രൂപം നല്‍കുന്നതായി കോളജ് മാനേജ്‌മെന്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് വൈകീട്ട് മൂന്നിന് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സിഎസ്‌ഐ ബിഷപ് ഡോ. റോയ്‌സ് മാനോജ് വിക്ടര്‍ അധ്യക്ഷത വഹിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ജെ മത്തായി, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ സംബന്ധിക്കും.
മുന്‍ അന്തര്‍ദേശീയ താരങ്ങളും എന്‍ഐഎസ് പരിശീലകരുമായ കെ പി സേതുമാധവന്‍, പ്രേംനാഥ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ഫുട്‌ബോള്‍ പരിശീലനം നടത്തുക. സേതുമാധവന്‍ ടെക്‌നിക്കല്‍ ഡയറക്ടറും പ്രേംനാഥ് ഫിലിപ്പ് ചീഫ് കോച്ചുമായിരിക്കും. മലബാറിന്റെ കാല്‍പ്പന്തുകളിയുടെ തട്ടകമായ കോഴിക്കോടിന് ഇനിയും പ്രതിഭാധനരായ ഫുട്‌ബോള്‍ കളിക്കാരെ വാര്‍ത്തെടുക്കാനാവും എന്നപ്രതീക്ഷയോടെയാണ് അക്കാദമി തുടങ്ങുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ക്രിസ്ത്യന്‍ കോളജിലെയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കുക. മലബാറില്‍ നിന്ന് ഇന്ത്യന്‍ ഫുട്‌ബോളിനെ ആദ്യമായി പ്രതിനിധീകരിച്ച ജയറാം, മുന്‍കാല താരങ്ങളായ കോട്ടായി അച്ചു, റെയ്മണ്ട്, ഡോ. മാധവന്‍, സുന്ദര്‍രാജ്, സിപിഎം ഉസ്മാന്‍കോയ, നൂര്‍ മുഹമ്മദ് തുടങ്ങിയവരെല്ലാം ക്രിസ്ത്യന്‍ കോളജിന്റെ സന്തതികളാണ്. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി സ്‌കൂള്‍, കോളജ് ടീമും പൂര്‍വവിദ്യാര്‍ഥികളായ ഫുട്‌ബോള്‍ താരങ്ങളും തമ്മില്‍ സൗഹൃദമല്‍സരം ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാ. ടി ഐ ജയിംസ്, ജയ്പാല്‍ സഖായി, സനല്‍കുമാര്‍, കെ മുരളീധരന്‍, പങ്കെടുത്തു.

RELATED STORIES

Share it
Top