മലബാര്‍ കാന്‍സര്‍ സെന്ററിലെ പിരിച്ചുവിടല്‍: അനിശ്ചിതകാല സമരം തുടങ്ങി

തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്ററില്‍ നിന്നു 19 വാര്‍ഡ് അസിസ്റ്റന്റ് ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കാന്‍സര്‍ സെന്ററില്‍ തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങി. മാനേജ്‌മെന്റ് തൊഴിലാളി വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരുമെന്നും സമരം ഉദ്ഘാടനം ചെയ്ത സിഐടിയു നേതാവ് പി വി ബാലകൃഷ്ണന്‍ പറഞ്ഞു. ആറു തവണ മാനേജ്‌മെന്റും ലേബര്‍ കമ്മീഷണറും പ്രശ്‌നം സംബന്ധിച്ച് ചര്‍ച്ച നടത്തിയെങ്കിലും മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാട് കാരണം ചര്‍ച്ച പൊളിയുകയും ചിലപ്പോള്‍ ചര്‍ച്ച മുടങ്ങുകയും ചെയ്തു. 62ഓളം തൊഴിലാളികളാണ് കാന്‍സര്‍ സെന്ററില്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, മിനിമം വേജസ് അനുവദിക്കുക, ശമ്പളത്തോടൊപ്പം വേജ് സ്ലിപ്പ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മലബാര്‍ കാന്‍സര്‍ സെന്ററിലെ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നത്. തൊഴിലാളികളെ സ്ഥാപനത്തില്‍ നിയമിക്കുന്നതിന് മലബാര്‍ കാന്‍സര്‍ സെന്ററില്‍ മലബാര്‍ സൊസൈറ്റി എന്ന പേരില്‍ സൊസൈറ്റിക്ക് രൂപം നല്‍കുകയും പിന്നീട് സൊസൈറ്റിയെ ഒഴിവാക്കി കുടുംബശ്രീയിലൂടെ ജീവനക്കാരെ നിയമിക്കുന്ന രീതിയുമാണ് തുടരുന്നത്. പിരിച്ചുവിടല്‍ ഭീഷണിയിലുള്ള മുഴുവന്‍ തൊഴിലാളികളും സിപിഎം അനുഭാവികളോ പ്രവര്‍ത്തകരോ ആണ്. സമരത്തില്‍ പി ശ്രീജന്‍, എന്‍ എം പുരുഷോത്തമന്‍, രാജേഷ് സംസാരിച്ചു.

RELATED STORIES

Share it
Top