മലബാര്‍ കാന്‍സര്‍ സെന്ററില്‍ 19 കരാര്‍ തൊഴിലാളികളെ പിരിച്ചുവിട്ടു

തലശ്ശേരി: വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ കാന്‍സര്‍ ചികില്‍സാ കേന്ദ്രമായ മലബാര്‍ കാന്‍സര്‍ സെന്ററിലെ 19 കരാര്‍ തൊഴിലാളികളെ പിരിച്ചുവിട്ടു. വാര്‍ഡ് അസിസ്റ്റന്റ് തസ്തികകളില്‍ ജോലിചെയ്യുന്ന മൂന്നു സ്ത്രീകളെയും 16 പുരുഷന്‍മാരെയുമാണ് പിരിച്ചുവിട്ടത്. ഇതിനെതിരേ സിഐടിയു നേതൃത്വത്തിലുള്ള തൊഴിലാളി സംഘടന ഇന്നുമുതല്‍ സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വാര്‍ഡ് അസിസ്റ്റന്റ്, ക്ലീനിങ് തസ്‌കികകളില്‍ ജോലിചെയ്യുന്ന 62ഓളം തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണെന്നു മൂന്നുദിവസം മുമ്പ് തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം ആര്‍സിസിക്ക് സമാനമായ ചികില്‍സാ സംവിധാനങ്ങളാണ് 2001ല്‍ സ്ഥാപിതമായ മലബാര്‍ കാന്‍സര്‍ സെന്ററിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ കീഴിലെ ഒരു സ്വയം ഭരണ സ്ഥാപനമാണിത്. 15 വര്‍ഷം മുമ്പ് കരാറടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചവരാണ് പിരിച്ചുവിട്ടവരും ഭീഷണിയില്‍ കഴിയുന്നവരും. 35 വയസ്സില്‍ താഴെ പ്രായമുള്ളവരെ നിലനിര്‍ത്താനും അതില്‍ കൂടുതല്‍ പ്രായമുള്ളവരെ ഒഴിവാക്കി കുടുംബശ്രീ വഴി പുതിയ നിയമനം നടത്താനുമാണ് മാനേജ്‌മെന്റിന്റെ നീക്കമെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. ഈ മാസം അവസാനത്തോടെ കരാര്‍ കാലാവധി അവസാനിക്കുന്നതോടെ കൂടുതല്‍ പേരെ പിരിച്ചുവിടാനാണു സാധ്യത. 15 പേര്‍ വാര്‍ഡ് അസിസ്റ്റന്റ് തസ്തികയിലും ശുചീകരണം, അലക്ക്, വിഭാഗങ്ങളില്‍ 37 പേരുമാണ് തൊഴിലെടുക്കുന്നത്. പിരിച്ചുവിടല്‍ ഭീഷമിയിലായ തൊഴിലാളികള്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും അനങ്ങാപ്പാറ നയം തുടരുന്നതിനിടെയാണ് പിരിച്ചുവിട്ടു കൊണ്ടുള്ള അറിയിപ്പെത്തിയത്.

RELATED STORIES

Share it
Top