മലബാര്‍ കാന്‍സര്‍ സെന്ററില്‍ കരാര്‍ തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍

തലശ്ശേരി: വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ കാന്‍സര്‍ ചികില്‍സാ കേന്ദ്രമായ മലബാര്‍ കാന്‍സര്‍ സെന്ററില്‍ കരാര്‍ തൊഴിലാളികള്‍ക്ക് കടുത്ത അവഗണന. വാര്‍ഡ് അസിസ്റ്റന്റ്, ക്ലീനിങ് തസ്‌കികകളില്‍ ജോലിചെയ്യുന്ന 62ഓളം തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്. രോഗികളുടെ എണ്ണത്തിലും ചികില്‍സാ സംവിധാനത്തിലും പുരോഗതിയുണ്ടായിട്ടും മാറിമാറി വന്ന സര്‍ക്കാരുകള്‍ കരാര്‍ തൊഴിലാളികളെ പരിഗണിക്കുന്നില്ല. ഇക്കാര്യം മേഖലയിലെ സിപിഎം പാര്‍ട്ടി സമ്മേളനങ്ങളിലും സജീവ ചര്‍ച്ചയായിട്ടുണ്ട്. കരാര്‍ തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരേ കഴിഞ്ഞ ദിവസം നടന്ന തലശ്ശേരി ഏരിയാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശമനാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. എന്നാല്‍, നേതൃത്വം വ്യക്തമായ നിലപാടിലെത്താതെ വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്നായിരുന്നു മറുപടി. തിരുവനന്തപുരത്തെ ആര്‍സിസിക്ക് സമാനമായ ചികില്‍സാ സംവിധാനങ്ങളാണ് 2001ല്‍ സ്ഥാപിതമായ മലബാര്‍ കാന്‍സര്‍ സെന്ററിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ കീഴിലെ ഒരു സ്വയം ഭരണ സ്ഥാപനമാണിത്. 15 വര്‍ഷം മുമ്പ് കരാറടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചവരാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. 35 വയസ്സില്‍ താഴെ പ്രായമുള്ളവരെ നിലനിര്‍ത്താനും അതില്‍ കൂടുതല്‍ പ്രായമുള്ളവരെ ഒഴിവാക്കി കുടുംബശ്രീ വഴി പുതിയ നിയമനം നടത്താനുമാണ് മാനേജ്‌മെന്റിന്റെ നീക്കം. ഇതില്‍ ഈ മാസം അവസാനത്തോടെ ഭൂരിഭാഗം തൊഴിലാളികളുടെയും കരാര്‍ കാലാവധി അവസാനിക്കും. 15 പേരാണ് വാര്‍ഡ് അസിസ്റ്റന്റുമാരുടെ തസ്തികയില്‍ ജോലിചെയ്യുന്നത്. ശുചീകരണം, അലക്ക്, വിഭാഗങ്ങളില്‍ 37 പേരും തൊഴിലെടുക്കുന്നു. തൊഴിലാളികള്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒന്നും ചെയ്യാന്‍ സാധ്യമല്ലെന്നായിരുന്നത്രെ മറുപടി. കണ്ണൂര്‍ ലേബര്‍ ഓഫിസില്‍ ഇതുസംബന്ധിച്ച് മാനേജ്‌മെന്റും തൊഴിലാളി പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും നടക്കാത്തതും പ്രതിസന്ധിയിലായി. തൊഴിലാളികളെ സംരക്ഷിക്കാന്‍ നേരത്തെ മലബാര്‍ സൊസൈറ്റി എന്ന പേരില്‍ സംഘം രൂപീകരിച്ചെങ്കിലും പിന്നീട് പേരിലൊതുങ്ങുകയും തൊഴിലാളികളെ നിശ്ചയിക്കാനുള്ള അവകാശം കുടുംബശ്രീയെ ഏല്‍പ്പിക്കുകയും ചെയ്തു. ഇതേ കുടുംശ്രീയെ ഉപയോഗിച്ചാണ് കരാര്‍ തൊഴിലാളികളെ പിരിച്ചുവിടുന്നു എന്നതാണ് ശ്രദ്ധേയം.

RELATED STORIES

Share it
Top