മലബാര്‍ എക്‌സ്പ്രസിന്റെ സമയമാറ്റം യാത്ര ദുഷ്‌കരമാക്കുന്നുവെന്ന്

കാസര്‍കോട്: തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്പ്രസിന്റെ സമയമാറ്റം കണ്ണൂര്‍ ജില്ലയില്‍ നിന്നും തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ ഭാഗങ്ങളില്‍ നിന്നും കാസര്‍കോട് ജില്ലാ ആസ്ഥാനത്തും മഞ്ചേശ്വരം മേഖലകളിലും ജോലി നോക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും യാത്രാ ദുഷ്‌കരമാക്കി. മലബാര്‍ എക്പ്രസിന്റെ സമയം 40 മിനിറ്റോളം വൈകിപ്പിച്ച് പാസഞ്ചര്‍ ട്രെയിനിന്റെ പിന്നിലാക്കിയത് മൂലം രാവിലെ മവേലി എക്പ്രസിനും ചെന്നൈ സൂപ്പര്‍ ഫാസ്റ്റിനും ശേഷം മംഗളൂരു ഭാഗത്തേക്ക് രണ്ട് മണിക്കൂറോളം ട്രെയിന്‍ ഇല്ലാത്ത അവസ്ഥയാണ്. ഇത് മൂലം കാസര്‍കോടിന്റെ ഉള്‍പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓഫിസ് സമയത്ത് എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അത് പോലെ ആദ്യമെത്തുന്ന പാസഞ്ചര്‍ വണ്ടി ബോഗികള്‍ വെട്ടിക്കുറച്ച് ചെറുവണ്ടിയായി ഓടുന്നത് മൂലം രണ്ട് ട്രെയിനുകളിലെ യാത്രക്കാരെ താങ്ങാനാവാതെ യാത്ര ദുരിതപൂര്‍ണ്ണമാക്കുന്നു,യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി മലബാര്‍ എക്പ്രസിന്റെ സമയമാറ്റം പിന്‍വലിക്കണമെന്ന് സ്‌റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാര്യക്ഷമമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഒ എം ഷഫീഖ് അധ്യക്ഷത വഹിച്ചു. നാസര്‍ നങ്ങാരത്ത്, ടി കെ അന്‍വര്‍, നൗഫല്‍ നെക്രാജെ, ഇ എ ആസിയമ്മ, പി സിയാദ്, ടി സലിം, അഷറഫലി ചേരങ്കൈ, കെ എ മുസ്തഫ, ഒ എം ശിഹാബുദ്ദീന്‍, ഹംസത്ത്, മജീദ് കൊപ്പള, മുഹമ്മദലി ആയിറ്റി, അബ്ദുര്‍റഹ്്മാന്‍ നെല്ലിക്കട്ട സംസാരിച്ചു.

RELATED STORIES

Share it
Top