മലപ്പുറത്ത് 44 ചാക്ക് നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി

മലപ്പുറം: തണ്ണിമത്തന്‍ കൊണ്ടുവരുന്നതിന്റെ മറവില്‍ കടത്തുകയായിരുന്ന വന്‍ ലഹരിവസ്തുശേഖരം പിടികൂടി. 44 ഓളം ചാക്കുകളിലായി നിറച്ച നിരോധിത ലഹരി വസ്തുവായ ഹാന്‍സാണ് മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്. രണ്ട് ലോറികളിലായിട്ടാണ് ഇവ കടത്തിയിരുന്നത്. വലിയ ലോറിയുടെ മുകള്‍ ഭാഗത്ത് തണ്ണിമത്തനും അടിയില്‍ ലഹരി ഉല്‍പ്പന്നങ്ങളുമാണ് നിറച്ചിരുന്നത്. ഇത് ചട്ടിപ്പറമ്പ് ഭാഗത്ത് നിന്നു ചെറിയ ലോറിയിലേക്ക് മാറ്റുന്നതിനിടെ പോലിസ് എത്തുകയായിരുന്നു. രണ്ട് ലോറിയിലെയും ൈഡ്രവര്‍മാരും സഹായികളും ഓടിരക്ഷപ്പെട്ടു.
ചെറിയ ലോറി ഓടിച്ചിരുന്ന വടക്കേമണ്ണ സ്വദേശി മൊയ്തീനും സഹായിയും മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലിസ് പറഞ്ഞു. വിപണിയില്‍ 16,60,000 രൂപയോളം വില വരുന്ന ഉല്‍പന്നങ്ങളാണിത്. ഇയാള്‍ കുറച്ച് കാലമായി ഗുണ്ടല്‍പേട്ടയില്‍നിന്നും തമിഴ്‌നാട്ടില്‍ നിന്നും തണ്ണിമത്തന്‍ കൊണ്ടുവരുന്നതിനിടയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്നതായി പോലിസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് പരിശോധന നടത്തിയത്. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ഇവ കൊണ്ടുവന്നത്. ജില്ലയില്‍ ഈ വര്‍ഷം പിടികൂടുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിതെന്ന് പോലിസ് പറഞ്ഞു. സിഐ പ്രേംജിത്ത്, എസ്‌ഐ ബി എസ് ബിനു, എഎസ്‌ഐ സാബുലാല്‍, സിപിഒമാരായ ജാഷിം ഹംദ്, വിനോദ്കുമാര്‍, മനോജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top