മലപ്പുറത്ത് വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി

മലപ്പുറം: മലപ്പുറത്ത് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. കൊണ്ടോട്ടിയിലാണ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. ജലാറ്റിന്‍ സ്റ്റിക് അടക്കമുള്ള സ്‌ഫോടക വസ്തുകളാണ് പിടിച്ചെടുത്തത്.പുലര്‍ച്ചെ നാലരയോടെ രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്. ലോറിയില്‍ വളമാണെന്നായിരുന്നു വണ്ടിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും
പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസ് നടത്തിയ പരിശോധനയില്‍ വളത്തിനിടയില്‍ ഒളിപ്പിച്ച നിലയില്‍ സ്‌ഫോടക വസ്തുകള്‍ കണ്ടെത്തുകയായിരുന്നു. അടുത്തുള്ള ഒരു ഗോഡൗണിലേക്കാണ് സ്‌ഫോടകവസ്തു കൊണ്ടു വന്നതെന്ന ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി മോങ്ങത്തുള്ള ഒരു ഗോഡൗണില്‍ പോലീസില്‍ പരിശോധന നടത്തി. ഇവിടെ നിന്നും വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി.പതിനായിരം ഡിറ്റണേറ്ററുകള്‍, 10 പത്തു ടണ്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍, 10 പാക്കറ്റ് ഫ്യൂസ് വയര്‍ എന്നിവയാണ് കണ്ടെത്തിയിരിക്കുന്നത്. പോലീസ് പരിശോധന തുടരുകയാണ്. പരിശോധന പൂര്‍ത്തിയായ ശേഷമേ സ്‌ഫോടക വസ്തുക്കളുടെ കൃത്യമായ കണക്ക് ലഭ്യമാകൂ.വിശദപരിശോധനയ്ക്കായി ലോറിയിപ്പോള്‍ കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനിലെത്തിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ഉന്നത പോലീസുദ്യോഗസ്ഥര്‍ കൊണ്ടോട്ടിക്ക് തിരിച്ചിട്ടുണ്ട്. ക്വാറികളില്‍ ഉപയോഗിക്കുന്നതിനായി കൊണ്ടുവന്നതാണ് ഈ സ്‌ഫോടകവസ്തുക്കള്‍ എന്നാണ് പോലീസിന്റെ നിഗമനം.

RELATED STORIES

Share it
Top