മലപ്പുറത്ത് പിടിയിലായത് പുല്ലയില്‍ കമലാക്ഷി കൊലക്കേസ് പ്രതി മോഹന്‍കുമാര്‍കിളിമാനൂര്‍: മലപ്പുറത്ത് ക്ഷേത്രം തകര്‍ത്ത കേസുമായി ബന്ധപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ മോഹന്‍കുമാര്‍ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍. 2006 ഫെബ്രുവരിയില്‍ കിളിമാനൂര്‍ പുല്ലയില്‍ പറക്കോട് ക്ഷേത്രത്തിനു സമീപം കുന്നില്‍ കിഴക്കേതില്‍ വീട്ടില്‍ കമലാക്ഷി(70) കൊല്ലപ്പെട്ടിരുന്നു. മൃതദേഹം സമീപത്തെ കുളത്തില്‍ വയറുകീറിയ നിലയില്‍  കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു. മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി വയര്‍ കീറി കുളത്തില്‍ തള്ളിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മോഹന്‍കുമാറിനെ പ്രദേശത്തുനിന്നും കാണാതായി. പോലിസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പറക്കോട് ക്ഷേത്രത്തില്‍ അടിച്ചുവാരലും മറ്റും നടത്തിവന്നത് കമലാക്ഷിയാണ്. പുലര്‍ച്ചെ വീട്ടില്‍നിന്നും ഒറ്റയ്ക്കാണ് കമലാക്ഷി ക്ഷേത്രത്തില്‍ എത്തിയിരുന്നത്. കാണാതായതു മുതല്‍ ഇയാളെക്കുറിച്ച് പോലിസ് അന്വേഷിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് അന്വേഷണം മുടങ്ങുകയും ചെയ്തു. മലപ്പുറം പൂക്കോട്ടുംപാടം വില്വത്ത് ശിവക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത കേസിലാണ് ഇപ്പോള്‍ പ്രതി പിടിയിലായിരിക്കുന്നത്. മേസ്തിരി പണിക്കാരനായിരുന്നു മോഹനന്‍. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ കിളിമാനൂര്‍ പോലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. ഇതിനുശേഷം മാത്രമേ കമലാക്ഷി കൊലക്കേസിലെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവൂ.

RELATED STORIES

Share it
Top