മലപ്പുറത്തെ ഹിന്ദുവിന് സുരക്ഷാ പ്രശ്‌നമില്ല: കൊച്ചിക്കാരന്റെ പോസ്റ്റിന് കൈയടി

പൊന്നാനി: വര്‍ഗീയ ട്വീറ്റിനുള്ള മലയാളിയുടെ മറുപടി കൈയടി നേടുന്നു. സംഘപരിവാര വക്താവ് ഷെഫാലി വൈദ്യയുടേതാണ് പോസ്റ്റ്. മലപ്പുറത്ത് ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്ന ഷെഫാലിയുടെ പോസ്റ്റിന് മലപ്പുറത്തെ അനുഭവങ്ങള്‍ പങ്കുവച്ച് കൊച്ചിക്കാരന്‍ ആനന്ദ് നീലകണ്ഠന്‍ നല്‍കിയ മറുപടിക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.
അമര്‍നാഥ് തീര്‍ത്ഥാടന യാത്രയുടെ പശ്ചാത്തലത്തിലായിരുന്നു ഷെഫാലിയുടെ ട്വീറ്റ്. “”മുമ്പെങ്ങുമില്ലാത്ത സുരക്ഷയാണ് ഇത്തവണ അമര്‍നാഥ് തീര്‍ത്ഥാടനത്തിന് ഒരുക്കിയിരിക്കുന്നത്. ഒരു സംസ്ഥാനത്തെ അവസ്ഥ ഇതാണെങ്കില്‍ ജിഹാദി ഭീകരരുടെ നിഴലില്‍ കഴിയുന്ന രാജ്യത്തെ ഹിന്ദുക്കളുടെ അവസ്ഥ എന്തായിരിക്കും’’ എന്ന ദിവ്യകുമാര്‍ സോതിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ഷെഫാലിയുടെ കമന്റ്. ഇതിനെ വിമര്‍ശിച്ച് നിര്‍മാതാവ് സന്തോഷ് കോട്ടായി ഫേസ്ബുക്കില്‍ രംഗത്തെത്തി. ഈ പോസ്റ്റിനാണ് പ്രമുഖ എഴുത്തുകാരനായ ആനന്ദ് നീലകണ്ഠന്‍ പ്രതികരിച്ചത്.  ഞാനും അമ്മയും മൂന്നു വര്‍ഷത്തോളം മലപ്പുറത്ത് താമ സിച്ചിട്ടുണ്ട്. ഇന്നുവരെ യാതൊരുവിധ ബുദ്ധിമുട്ടും ആരില്‍ നിന്നും ഉണ്ടായിട്ടില്ല. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ കുടുംബവുമൊത്ത് ഏഴു വര്‍ഷക്കാലം കഴിഞ്ഞിട്ടുണ്ട്. കൊച്ചിയിലുള്ളതിനേക്കാള്‍ സുഹൃത്തുക്കള്‍ എനിക്ക് ഇവിടങ്ങളിലുണ്ട്. കഴിഞ്ഞ 17 വര്‍ഷമായി എന്റെ സഹോദരന്‍ മലപ്പുറത്തെ കൊണ്ടോട്ടിയിലാണ് താമസിക്കുന്നത്. ഇവര്‍ ഇപ്പറയുന്ന വര്‍ഗീയതയോ സുരക്ഷാ പ്രശ്‌നമോ ഒന്നും ഞങ്ങള്‍ക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. സസ്യഭുക്കുകളായ ഞങ്ങള്‍ക്ക് അവര്‍ ബീഫ് കഴിക്കുന്നതിനോ ഞങ്ങള്‍ അത് കഴിക്കാത്തതിനോ പ്രശ്‌നമില്ല. പിന്നെ ഇവരെപ്പോലുള്ളവര്‍ എന്താണീ പറഞ്ഞു പരത്തുന്നത്? എന്താണിവരുടെ ലക്ഷ്യം? കലാപം...?- ഇതായിരുന്നു മറുപടി.

RELATED STORIES

Share it
Top