മലപ്പുറത്തെ ഫുട്‌ബോള്‍ വേരുകള്‍ക്ക് പുത്തനുണര്‍വ്

മലപ്പുറം: സംസ്ഥാനത്തെ ഫുട്‌ബോള്‍ വളര്‍ച്ചയുടെ വേരുകള്‍ക്ക് പുത്തനുണര്‍വ് പകര്‍ന്ന് മലപ്പുറം ജില്ലയുടെ കുതിച്ചോട്ടം. ഇക്കഴിഞ്ഞ സംസ്ഥാന സുബ്രതോ ചാംപ്യന്‍ഷിപ്പിനു പുറമെ ജൂനിയറും സബ്ജൂനിയറും കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് ഫുട്‌ബോളിനെ അടിമുടി സ്‌നേഹിക്കുന്ന മലപ്പുറം ജില്ല. കേരള ഫുട്‌ബോളിന്റെ വേരുകള്‍ക്ക് വളവും വെള്ളവും നല്‍കേണ്ടത് മലപ്പുറത്തുനിന്നു തന്നെയാണെന്നാണ് നേട്ടങ്ങളിലൂടെ ജില്ല തെളിയിച്ചിരിക്കുന്നത്. ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ് കായിക സ്‌കൂള്‍ ഈ വര്‍ഷത്തെ സുബ്രതോ കപ്പ് ദേശീയ ചാംപ്യന്‍ഷിപ്പിന് യോഗ്യതനേടി ജൈത്രയാത്രക്ക് തുടക്കമിട്ടു. പാലക്കാട് ജിയുഎച്ച്എസ്എസ്സിനെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് തറപറ്റിച്ചാണ് കെ മന്‍സൂറിന്റെ കുട്ടികള്‍ ഡല്‍ഹിയിലെ ദേശീയ ചാംപ്യന്‍ഷിപ്പിന് യോഗ്യരായത്. ഉടന്‍ ജൂനിയര്‍ ടീമിന്റെ ഉയര്‍ച്ചയും പ്രകടമായി. ഷാനില്‍ ചെമ്പകത്ത് പരിശീലിപ്പിച്ച ജൂനിയര്‍ ടീം കടുത്ത പ്രതിസന്ധി തരണംചെയ്ത് സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ കോഴിക്കോടിനെ തോല്‍പിച്ച് ജേതാക്കളായി. ചാംപ്യന്‍ഷിപ്പിനിടെ സുബ്രതോ കപ്പും വന്നതോടെ ഒന്നാംനിരയിലെ നാല് ഡിഫന്റര്‍മാരടക്കം ഏഴുപേരുടെ അഭാവം റിസര്‍വ് താരങ്ങളെ വച്ച് മറികടന്നാണ് ജൂനിയര്‍ ടീം കിരീടം നേടിയത്.
മികച്ച മിഡ്ഫീല്‍ഡറായി ആദില്‍ അമലും സ്‌ട്രൈക്കറായി ഹാറൂണും തിരഞ്ഞെടുക്കപ്പെട്ടു. ക്യാപ്റ്റന്‍ മങ്കടയിലെ അക്മല്‍ ഷാന്‍ മൂന്ന് ഗോള്‍ നേടി. ടീമിലെ ഹേമന്ദ് രവി ചന്ദ്രന്‍, ഫായിസ്, ആദില്‍, അക്മല്‍ ഷാന്‍ തുടങ്ങിയ അഞ്ചുപേര്‍ കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തീര്‍ന്നില്ല, ദാ വരുന്നു സബ്ജൂനിയര്‍ ടീമിന്റെ ഉയര്‍ച്ച.
തൃശ്ശൂരിനെ മൂന്ന് ഗോളിനും കണ്ണൂരിനെ 9 ഗോളിനും ഫൈനലില്‍ എറണാംകുളത്തെ രണ്ടിനെതിരേ ആറു ഗോളിനും തരിപ്പണമാക്കി സംസ്ഥാന ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കി മലപ്പുറത്തെ കുട്ടികള്‍. ടീമിലെ അനസ് 11 തവണയാണ് വല നിറച്ചത്. തൂത ഡിയുഎസ്എസിലെ എം മുനീറിന്റേയും മാനേജര്‍ അസീസിന്റേയും നേതൃത്വത്തിലായിരുന്നു ടീമിന്റെ വിജയം. ടീമിലെ ആറു പേര്‍ ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ് വിദ്യാര്‍ഥികളാണ്.
10 താരങ്ങള്‍ കേരള ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ എംഇഎസ് കോളജ് മമ്പാട് ഇക്കഴിഞ്ഞ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ജേതാക്കളായതോടെ കൗമാരതാരങ്ങള്‍ക്ക് വഴികാട്ടിയായി.

RELATED STORIES

Share it
Top